തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. ആറ് ലക്ഷം രൂപയാണ് ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായമായി നല്‍കുക. ബഷീറിന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം, രണ്ട് മക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങനെയാണ് ധനസഹായം. ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലയാളം സര്‍വകലാശാലയിലാണ് ബഷീറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
Read Also: ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി
കൊലപാതക കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ ജാമ്യത്തിലാണ്. ഓഗസ്റ്റ് ആറിനാണ് കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി. ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
ശ്രീറാമിന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി പൊലീസിനോട് ചോദിച്ചു. വൈദ്യ പരിശോധന നടത്തി തെളിവ് കണ്ടെത്താനാകാത്തത് ന്യായീകരണമല്ലെന്നു കോടതി പറഞ്ഞു. ഗവര്‍ണറുടെ വസതിയടക്കമുള്ള റോഡില്‍ സിസിടിവി ഇല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ എന്ന് ചോദിച്ച കോടതി തെളിവുകള്‍ ശ്രീറാം സ്വയം കൊണ്ട് വരുമോ എന്നും ചോദിച്ചു.