തിരുവനന്തപുരം: കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വാക്സിന് എടുക്കാത്ത അധ്യാപകരെ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡിനെ രൂപികരിച്ചു. പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും.
അയ്യായിരത്തോളം അധ്യാപകരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിന് എടുക്കാത്തത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നടപടിയിലേക്ക് കടന്നത്. വാക്സിന് സ്വീകരിക്കാത്ത അധ്യാപകര്‍ രണ്ട് ആഴ്ച സ്കൂളില്‍ എത്തണ്ട എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സ്കൂള്‍ തുറന്നിട്ട് ഏകദേശം ഒരുമാസമായിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല.
വാക്സിൻ എടുക്കാത്ത അധ്യാപക – അനധ്യാപകർ സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്സിൻ എടുക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ ഇത് സമൂഹത്തിന്റെ ആകെ ബാധ്യത ആകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിന് മുഖ്യം. ഇത് മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം ഒരിക്കലും അനുവദിക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം,” വി. ശിവന്‍കുട്ടി പറഞ്ഞു.