scorecardresearch

‘ഇനി മല കയറിയാല്‍ കേസ്’; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

ഇന്നലെ രാത്രിയും ഒരു യുവാവ് ചെറാട് മലകയറിയിരുന്നു

‘ഇനി മല കയറിയാല്‍ കേസ്’; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: അനുവാദമില്ലാതെ ചെറാട് മലയില്‍ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇനി മല കയറുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ബാബുവിന് ലഭിച്ച സംരക്ഷണം മറയാക്കി ആരും മലകയറുത്. മലകയറുന്നതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ രാത്രിയും ഒരു യുവാവ് ചെറാട് മലമുകളിലേക്ക് കയറിയിരുന്നു. രാത്രി തന്നെയെത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെ എത്തിക്കുകയായിരുന്നു. മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാരാണ് അധികൃതരെ വിളിച്ചറിയിച്ചത്. ആനക്കല്ല് സ്വദേശിയായ രാധാകൃഷ്ണന്‍ എന്നയാളെയാണ് ഉദ്യോഗസ്ഥര്‍ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് രാധാകൃഷ്ണന്‍ മല കയറിയതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷപ്പെടുത്തിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് ലൈറ്റുകള്‍ മലമുകളില്‍ കണ്ടിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാളെ മാത്രം താഴെ എത്തിച്ചതില്‍ ചെറിയ പ്രതിഷേധവുമുണ്ടായി.

മലയില്‍ കുടുങ്ങിപ്പോയാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമുള്ളതല്ലെന്ന് ബാബുവിന്റെ അനുഭവം വ്യക്തമാക്കുന്നു. സൈന്യം എത്തിയായിരുന്നു ബാബുവിനെ സുരക്ഷിതനാക്കിയത്. രണ്ട് ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ബാബു വീട്ടിലേക്ക് മടങ്ങിയത്.

Also Read: പിഎസ്എല്‍വി സി 52 വിക്ഷേപണം വിജയകരം; ഭൗമ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Government to take action against those who climb mountain