Latest News

ഓണ്‍ലൈന്‍ ഗെയിമിങ്: അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍

പൊലീസിന്റെ സഹായത്തോടെയാകും ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം

Online Gaming, Kerala Government

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമിങ്ങിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിരലില്‍ എണ്ണാവുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിര്‍മ്മിക്കും മുഖ്യമന്ത്രി വാഗ്ദാനം നല്‍കി.

മാതൃകാപരമായ പ്രവര്‍ത്തനം വഴി ജനസേവനത്തിന്‍റെ പ്രത്യേക മുഖം ആകാന്‍ പൊലീസിന് കഴിഞ്ഞു. ജനങ്ങളെ സേവിക്കുന്നതില്‍ മറ്റാരെക്കാളും തങ്ങള്‍ മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പോലീസ് സേനയ്ക്ക് കഴിഞ്ഞുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 20 പൊലീസ് സ്റ്റേഷനുകള്‍ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി. പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗര്‍, കറുകച്ചാല്‍, തൃശൂര്‍ വെസ്റ്റ്, പേരാമംഗലം, മണ്ണുത്തി, തൃശൂര്‍ സിറ്റി വനിതാ പൊലീസ് സ്റ്റേഷന്‍, കൊടുങ്ങല്ലൂര്‍, തിരൂര്‍, ഉളിക്കല്‍, ആറളം, കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് പുതുതായി ശിശുസൗഹൃദ കേന്ദ്രങ്ങള്‍ തുറന്നത്. ഇതോടെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി.

പൊന്‍മുടിയിലെ പോലീസ് സഹായ കേന്ദ്രവും ഇരിങ്ങാലക്കുടയിലെ ജില്ലാ ഫോറന്‍സിക് ലബോറട്ടറിയും മലപ്പുറം എ.ആര്‍ ക്യാമ്പ്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ജില്ലാ പരിശീലന കേന്ദ്രവും ഇന്ന് പ്രവര്‍ത്തനക്ഷമമായി. കാടാമ്പുഴയിലും വടകര വനിതാസെല്ലിലും വിശ്രമകേന്ദ്രങ്ങളും പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഡോഗ് സ്ക്വാഡ് കെന്നലും മൂന്നാറില്‍ നവീകരിച്ച കണ്‍ട്രോള്‍ റൂം സംവിധാനവും നിലവില്‍ വന്നു.

കാസര്‍ഗോഡ്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലെയും കാസര്‍ഗോഡ് ഡിവൈഎസ്പി ഓഫീസിലെയും സന്ദര്‍ശകമുറികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ബറ്റാലിയനിലെ മെസ് ബാരക്ക്, ആയുധപ്പുര, അംഗന്‍വാടി, റിക്രിയേഷന്‍ സെന്‍റര്‍ എന്നിവയും അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ വനിതാ ബാരക്കും കേരളാ പൊലീസ് അക്കാദമിയിലെ വെറ്റിനറി ക്ലിനിക്കുമാണ് പൊലീസിന് ലഭിച്ച മറ്റ് കെട്ടിടങ്ങള്‍.

Also Read: വി.എം.സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government to start digital de addiction centers for children addicted in gaming

The moderation of comments is automated and not cleared manually by malayalam.indianexpress.com