തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം കണ്ടെത്താനായി മദ്യത്തിന്റെ വില കൂട്ടാന്‍ തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളില്‍ നിന്നും പണം സമാഹരിക്കുന്നുണ്ട്. ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സഹായമെത്തുന്നുണ്ട്. എന്നാല്‍ ഈ പണം മതിയാകാതെ വരുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില കൂട്ടാനുള്ള തീരുമാനത്തിലെത്തിയത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്നും 27 ശതമാനമായി വര്‍ധിപ്പിക്കാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഈ തുക പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന ഉപാധിയിന്മേലാണ് തീരുമാനം.

Live Updates: കേരള പ്രളയം; തൽസമയ വാർത്തകൾ

വെള്ളപ്പൊക്ക കെടുതിയില്‍ 8000 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. അന്തിമ കണക്ക് പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ കൂടി തിട്ടപ്പെടുത്തി കഴിഞ്ഞാല്‍ മാത്രമേ എത്ര കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്നതില്‍ വ്യക്തത ലഭിക്കുകയുള്ളൂ.

അതേസമയം, പ്രളയക്കെടുതില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഒഡീഷയും രംഗത്തെത്തി. കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് നവീന്‍ പട്‌നായിക് ഈ വിവരം അറിയിച്ചത്.

നേരത്തെ, തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യയും കാര്‍ത്തിയും തങ്ങള്‍ വാഗ്‌ദാനം ചെയ്ത 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കാര്‍ത്തി മുഖ്യമന്ത്രിയ്ക്ക് ചെക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടനും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍ മുഖ്യമന്ത്രിയ്ക്ക് 25 ലക്ഷം രൂപ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ