scorecardresearch

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടും; വാക്സിനേഷന്‍ യജ്ഞവുമായി സര്‍ക്കാര്‍

തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും കണ്ടെത്തിയിട്ടുണ്ട്

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി തേടും; വാക്സിനേഷന്‍ യജ്ഞവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 20 മുതല്‍ വാക്സിനേഷന്‍ യജ്ഞം നടത്താന്‍ ഒരുങ്ങുകയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കൊവിഡ് മഹാമാരിയെ നേരിട്ട രീതിയിലാകും തെരുവുനായ പ്രശ്നവും നേരിടുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നായകള്‍ക്ക് ഓറല്‍ വാക്സിനേഷന്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോടെ വാക്സിനേഷന്‍ യജ്ഞം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. നായകളെ പിടികൂടുന്നതിനായി പരിശീലനം നല്‍കും. പ്രതിരോധ നടപടികള്‍ക്കായി കുടുംബശ്രീയുടേയും കോവിഡ് പ്രതിരോധസേനയുടേയും സഹായം തേടും.

തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകള്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും കടിയേറ്റതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിച്ചിരിക്കുന്നത്. ഇത്തരം മേഖലകളില്‍ തെരുവുനായകള്‍ക്കായി ഷെല്‍ട്ടര്‍ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുവാദം തേടുമെന്നും മന്ത്രി രാജേഷ് വ്യക്തമാക്കി. കേരളത്തിലെ തെരുവുനായ വിഷയം സുപ്രീം കോടതി ഈ മാസം അവസാനം പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനം നിരവധി പേരാണ് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നത്.

തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മാലിന്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാതലത്തില്‍ കലക്ടര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കല്യാണമണ്ഡപങ്ങള്‍, മാംസ വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്ത് മാലിന്യനീക്കവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Government to conduct mega vaccination for stray dogs minister mb rajesh