തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി എസ് എസിക്കു വിട്ട തീരുമാനം റദ്ദാക്കാനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. തീരുമാനം റദ്ദാക്കുന്നതിനുള്ള ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. കരട് ബില്ലിന് ഇന്നു ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്കി.
ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ കനത്ത എതിര്‍പ്പില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണു നിയമം റദ്ദാക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായാണു നാളെ ബില്‍ അവതരിപ്പിക്കുക. സഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും.
വഖഫ് ബോര്‍ഡ് നിയമനത്തില്‍ പി എസ് സിക്കു പകരം പുതിയ സംവിധാനം വരും. അപേക്ഷ പരിശോധിക്കാന്‍ ഓരോ വര്‍ഷവും അഭിമുഖ ബോര്‍ഡ് രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് ജൂലൈ 21നു നിയമസഭയെ അറിയിച്ചിരുന്നു. നിയമനങ്ങള്‍ക്കു പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടുകൊണ്ട് നിയമസഭ പാസാക്കിയ നിയമം തല്ക്കാലം നടപ്പാക്കേണ്ടതില്ലെന്നു മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണു തീരുമാനം പിന്‍വലിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുസ്ലിം സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ രൂപപ്പെട്ട പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
2016 ജൂലൈ 19നാണ് വഖഫ് ബോര്‍ഡ് യോഗം ഒഴിവുവരുന്ന തസ്തികകളിലേക്കു പി എസ് സി മുഖേനെ നിയമനം നടത്താന്‍ തത്വത്തില്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കുകയായിരുന്നു. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ ആരും എതിര്പ്പറയിച്ചിരുന്നില്ലെന്നു തീരുമാനം പിന്‍വലിക്കുമെന്നു നിയമസഭയില്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുറന്ന സമീപനത്തോടെ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂയെന്ന് അന്നു തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.