Latest News

‘ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചത്’; മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍

ആനക്കൊമ്പ് കൈവശം വച്ചതിനു മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ്

lucifer 2, lucifer sequel, mohanlal lucifer, prithviraj lucifer, lucifer 2 announcement, മോഹൻലാൽ, പൃഥ്വിരാജ്, ലൂസിഫർ
Mohanlal Prithviraj Lucifer 2 Lucifer Sequel

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ പിന്തുണച്ചത്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതെന്നും വനം വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ആനക്കൊമ്പ് കൈവശം വച്ചതിനു മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്.

ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിന് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നൽകാനാവുമെന്നും കോടതി ചോദിച്ചു.

Read Also: ഒരുപാട് സ്നേഹിക്കപ്പെട്ടു, കുറേയെറെ കല്ലെറിയപ്പെട്ടു: മോഹൻലാൽ

കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷൻ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കി. കേസിലുൾപ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ നിയമസാധുത നൽകിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞിരുന്നു.

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.

മോഹൻലാൽ, സംസ്ഥാന സർക്കാർ, മുഖ്യവനപാലകൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പൗലോസ് ഹർജി സമർപ്പിച്ചിട്ടുള്ളത് മോഹൻലാലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൗലോസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ചതിന് നിയമസാധുത നൽകിയെന്ന് സർക്കാർ നിലപാടറിയിച്ചതിനെ തുടർന്ന് കോടതി കേസ് തീർപ്പാക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government supports mohanlal ivory possession case high court

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express