കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത് അധികാര ദുർവിനിയോഗമാണെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
കേസുകൾ അന്വേഷിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനും ഉത്തരവാദപ്പെട്ട പ്രോസിക്യൂഷൻ തന്നെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി മൈക്കിൾ വർഗീസ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് തള്ളിയത്.
കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിനെതിരെ സമാന്തര ബഞ്ചിൽ ഹർജി നൽകാനാവില്ലെന്നും കേസ് പരിഗണിച്ച ബഞ്ചിനെ തന്നെ സമീപിക്കണമെന്നുമായിരുന്നു സർക്കാർ വാദം.
Read More: ലൈഫ്മിഷൻ കേസിൽ സിബിഐക്ക് തിരിച്ചടി; നേരത്തേ വാദം കേൾക്കില്ല
ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ഇടപാടിൽ ബന്ധമുളള സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെ സംരക്ഷിക്കാനായിരുന്നു സർക്കാർ നീക്കമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
അതേസമയം, രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്ത കേസ് നേരത്തെ കേൾക്കണമെന്ന സിബിഐയുടെ ആവശ്യം കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. കേസ് നേരത്തെ കേൾക്കണമെന്നാവശ്യപ്പെട്ട സിബിഐ, എന്തു കൊണ്ട് നേരത്തെ കേൾക്കണമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാതെയാണ് ഹർജിയിൽ സമ്മർദവുമായി എത്തിയത്.
സത്യവാങ്മൂലം സമർപ്പിക്കാതെയാണോ നേരത്തെ കേൾക്കണമെന്നാവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞിരുന്നു. ഡിപ്പാർട്ട്മെന്റ് കാര്യം ആയതു കൊണ്ടാണ് വൈകുന്നതെന്ന് സിബിഐ അറിയിച്ചിരുന്നു. സിബിഐ തെറ്റൊന്നും കാണിച്ചിട്ടില്ലെന്നും സത്യവാങ്മൂലം തയ്യാറാക്കാൻ സമയം വേണമെന്നും ബോധിപ്പിച്ചിരുന്നു.