കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്ത് 248 വ്യക്തികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഏറ്റവും കൂടുതല്‍ കണ്ടുകെട്ടല്‍ നടന്നത് മലപ്പുറം ജില്ലയിലാണ്. ജില്ല തിരിച്ചുള്ള നടപടി റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ മാത്രം 126 ഇടങ്ങളില്‍ ജപ്തി നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് 22,പാലക്കാട് 22,തൃശ്ശൂര്‍ 18,വയനാട് 11 എന്നിങ്ങനെയാണ് കണക്കുകള്‍. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജപ്തി നടപടികളില്‍ മലപ്പുറം ജില്ലയില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് നല്‍കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും ഭാരവാഹികളല്ലെന്നും നടപടി നേരിട്ടവര്‍ അറിയിച്ചിട്ടുണ്ട് വസ്തുതകള്‍ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.