കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണം: ചെന്നിത്തല

ഇന്‍ഷുറന്‍സ് സ്‌കീം ഉണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാരിന് തെക്കുവടക്ക് നടക്കേണ്ടി വരില്ലായിരുന്നുവെന്ന് ചെന്നിത്തല

ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം

കൊച്ചി: കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത്തരമൊരു ഇന്‍ഷുറന്‍സ് സ്‌കീം ഉണ്ടായിരുന്നുവെങ്കില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാരിന് തെക്കുവടക്ക് നടക്കേണ്ടി വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ് ഫോറം ഏഴാമത് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

മുഴുവന്‍ പൗരന്‍മാരുടെയും ആരോഗ്യപരിരക്ഷ ഏറ്റെടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പരിഷ്‌കൃത രാജ്യങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. എല്ലാ ഇന്‍ഷുറന്‍സ് സ്‌കീമുകളും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് മൂന്നര കോടി ജനങ്ങളെയും അതില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തുക പ്രീമിയം അടക്കാതെ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. പ്രകൃതി ദുരന്തങ്ങളടക്കമുള്ള നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ വലിയ ആശ്വാസം പകരാന്‍ ഇതിലൂടെ സാധിക്കും.

ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ മാധ്യമ പ്രവര്‍ത്തനത്തിനായി ഉഴിഞ്ഞുവച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അവരുടെ പെന്‍ഷനും ആശ്രിത പെന്‍ഷനും വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാധ്യമ മാരണ ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ആഭ്യന്തര സെക്രട്ടറി ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണം. വാര്‍ത്താവിസ്‌ഫോടനം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ വാര്‍ത്തകള്‍ ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ല. സ്വതന്ത്രപത്രപ്രവര്‍ത്തനത്തിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.

ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തലനാരിഴ കീറി പരിശോധിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. മാധ്യമങ്ങള്‍ക്ക് ഭരണാധികാരികളെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനങ്ങളില്‍ നിന്ന് ഭരണാധികാരികള്‍ പാഠം പഠിച്ചാല്‍ മാത്രമേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കൂ. വസ്തുതാപരമാണെങ്കില്‍ ഏതറ്റം വരെയും വിമര്‍ശിക്കാം. അതേസമയം, വാര്‍ത്തകള്‍ക്ക് സത്യത്തിന്റെ അടിത്തറയുണ്ടാകണമെന്നും വ്യക്തിഹത്യ നടത്താനും ബോധപൂർവ്വം കള്ളവാര്‍ത്ത കൊടുക്കുന്നതും എതിര്‍ക്കപ്പെടണം. പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ പത്രലേഖകര്‍ക്ക് കഴിയണമെന്ന് ചെന്നിത്തല പറഞ്ഞു.

മാധ്യമ പ്രവര്‍ത്തനത്തിന് സമഗ്ര സംഭാവന നല്‍കിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി.രാജന്‍, കെ.മോഹനന്‍, എം.പി.പ്രകാശം, ഐസക്ക് അറയ്ക്കല്‍, യേശുദാസന്‍, സി.എന്‍.കൃഷ്ണപ്പണിക്കര്‍, വി.സുബ്രഹ്മണ്യന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Government should provide insurance policy to everyone demands chennithala

Next Story
തമിഴ് വനിതാ സംഘത്തിന് ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍; 500 പുരുഷന്മാരും സംഘത്തില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com