കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തിക സഹായം നൽകാൻ നിർദേശിക്കണമെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഏത് സർക്കാരാണ് സഹായം നൽകേണ്ടതെന്ന് അറിയിക്കണം.
സിബിഎസ്ഇ അടക്കമുള്ള സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നിഷേധിക്കുന്നത് തടയണമെന്നും യഥാർത്ഥ ഫീസ് നിർണയിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നിർദ്ദേശം.
കോവിഡ് സാഹചര്യങ്ങളിൽ സ്കുളുകളും രക്ഷകർത്താക്കളും സാമ്പത്തിക വിഷമത്തിലാണന്നും സർക്കാർ സഹായം നൽകിയാൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നിഷേധിക്കപ്പെടില്ലെന്നും ഹർജിയിൽ പറയുന്നു. കൊച്ചി വെണ്ണല സ്വദേശി കെ.പി. ആൽബർട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.