തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരൾച്ച നേരിടാനുളള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വരൾച്ച പ്രശ്നം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നവശ്യപ്പെട്ട് ഷാഫി പറന്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഷാഫി പറന്പിൽ പറഞ്ഞു. ഇതിനു മറുപടിയായിട്ടാണ് കൃത്രിമ മഴ പെയ്യിക്കുന്നതിനുളള സാധ്യതകൾ സർക്കാർ തേടുന്നതായി മുഖ്യമന്ത്രി അറിയിച്ചത്.

കടുത്ത വരൾച്ചാ ഭീഷണിയാണ് സംസ്ഥാനം നേരിടുന്നത്. വരൾച്ച തടയാൻ മനുഷ്യ സാധ്യമായതെന്തും ചെയ്യും. വരൾച്ചയ്ക്ക് സംസ്ഥാന സർക്കാരല്ല കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ