കൊച്ചി: പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം ആവശ്യമാണെന്നും 3900 കേസുകൾ രജിസ്റ്റർ ചെയ്തെന്നും സർക്കാർ അറിയിച്ചു. തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്.

പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് ചില സ്റ്റേഷൻ ഓഫീസർമാർ നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ ആരോപിച്ചു. ഡിജിപി യുടെ ഉത്രവു മാത്രമേ പാലിക്കൂ എന്ന് ചില പൊലീസുകാർ വാശി പിടിക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.

അങ്ങനെ സംഭിക്കുന്നു എങ്കിൽ പോലീസുകാർക്ക് എതിരെ നടപടി ഉണ്ടാവും എന്നും കോടതിയലക്ഷ്യ കേസ് വന്നാൽ പോലീസുകാരെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കോടതി ഉത്തരവ് ലംഘിക്കില്ലെന്ന് സ്റ്റേറ്റ് അറ്റോർണി ഉറപ്പ് നൽകിയത് കോടതി രേഖപ്പെടുത്തി.

Read More: പോപ്പുലർ ഫിനാൻസ് കേസ്: സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു

അതേസമയം, എറണാകുളം ജില്ലയിൽ പോപ്പുലര്‍ ഫിനാൻസിന്റെ കീഴിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ കഴിഞ്ഞദിവസം ജില്ല കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടിരുന്നു. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികൾക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ലെ കേരള പ്രൊട്ടക്ഷൻ ഓഫ് ഇൻററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇൻ ഫിനാൻഷ്യല്‍ ഇൻസ്റ്റിറ്റ‌്യൂൻ‌ ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.

പോപ്പുലര്‍ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവയില്‍ നിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാൻ പാടുളളതല്ല.

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍, അവരുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍, തുടങ്ങിയവ തങ്ങളുടെ ആസ്തി കൈമാറ്റം ചെയ്യുകയോ അവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനോ പാടില്ല. പോപ്പുലര്‍ ഫിനാൻസ് സ്ഥാപനത്തിൻറെ പേരിലോ അവരുടെ ഏജൻറുമാര്‍, സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ എന്നിവരുടെ പേരിലോ ചിട്ടി കമ്പനികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടി.

പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചു പൂട്ടി അവയുടെ താക്കോലുകള്‍ കളക്ടറുടെ മുന്നില്‍ ഹാജരാക്കാൻ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അവക്ക് കാവലും ഏര്‍പ്പെടുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.