ഇടുക്കി: മൂന്നാറില്‍ കോണ്‍ഗ്രസ് നേതാവ് വി.വി.ജോര്‍ജിന്റെ ലൗ ഡെയില്‍ ഹോംസ്റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു. ഹോംസ്റ്റേ ഒഴിയാന്‍ ഹൈക്കോടതി നല്‍കിയ 6 മാസ കാലാവധി ഇന്നലെ കഴിഞ്ഞിരുന്നു. തുടർന്നാണ് രാവിലെയോടെ സ്ഥലത്തെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ട് ഏറ്റെടുത്തത്. റിസോര്‍ട്ടില്‍ ഇനി മൂന്നാര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കും. വില്ലേജ് ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയിലേക്ക് നീങ്ങി.

സ്ഥലത്ത് നിന്ന് ഒഴിയാന്‍ 31 വരെ ഹൈക്കോടതി ജോര്‍ജിന് സമയം നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച അനുകൂല ഉത്തരവുമായി വീണ്ടും റവന്യൂവകുപ്പിനെ സമീപിക്കും എന്ന നിലപാടിലാണ് വി.വി.ജോര്‍ജ്. 22 സെന്റ് സ്ഥലവും കെട്ടിടവുമാണ് സർക്കാർ ഏറ്റെടുത്തത്. 10 മാസങ്ങള്‍ക്ക് മുമ്പാണ് ഏറ്റെടുക്കല്‍ നോട്ടീസ് നല്‍കിയത്.

പാട്ടക്കാലാവധി അവസാനിച്ചിട്ടും അനധികൃതമായി കൈവശം വച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നാറിലെ ലൗ ഡെയില്‍ ഹോംസ്റ്റേയും 22 സെന്റ് സ്ഥലവും റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് ഹോംസ്റ്റേ ഉടമസ്ഥന്റെ ഹര്‍ജിയെ തുടര്‍ന്ന് ഒഴിഞ്ഞുപോകാന്‍ ഹൈക്കോടതി ആറ് മാസം സമയം നല്‍കുകയായിരുന്നു. ഏറ്റെടുക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഉടമസ്ഥന്‍ തടഞ്ഞത് നേരത്തെ വിവാദമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ