കൊച്ചി: സംസ്ഥാനത്ത് അംഗീകാരം തേടി സിബിഎസ്ഇ മാനേജ്മെന്റുകൾ സമർപ്പിച്ച 534 അപേക്ഷകൾ തള്ളിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൊത്തം 796 അപേക്ഷകളാണ് ലഭിച്ചതെന്നും സിബിഎസ്ഇ ബൈലോയും കേരള വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകളും പരിഗണിച്ചാണ്
തീരുമാനമെടുത്തതെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ വ്യക്തമാക്കി. അപേക്ഷകൾ നിരസിച്ച വിവരം മാനേജ്മെന്റുകളെ പ്രത്യേകം പ്രത്യേകം അറിയിച്ചതായും സർക്കാർ വ്യക്തമാക്കി. അംഗീകാരം തേടി
സിബിഎസ്ഇ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികളിലാണ് സർക്കാരിന്റെ വിശദീകരണം.

പ്രാഥമിക പരിശോധനയിൽ തൃപ്തികരമെന്നു കണ്ട 262 അപേക്ഷകൾ പരിഗണനയ്ക്ക് അയച്ചു. ജില്ലാ വിദ്യാഭ്യാസ
ഓഫീസർമാരുടെ റിപ്പോർട്ട് കണക്കിലെടുത്ത് 51 അപേക്ഷകൾ കൂടുതൽ വ്യക്തത തേടിയിട്ടുണ്ടന്നും
സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 4695 ഉം എയിഡഡ് മേഖലയിൽ 7216 ഉം അൺ എയിഡഡ് മേഖലയിൽ 1050 ഉം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. 2018 – 19 അധ്യയന വർഷം സർക്കാർ സ്കൂളുകളിൽ 1145973 ഉം എയിഡഡ് സ്കൂളുകളിൽ 2153882 ഉം അൺ എയിഡഡ് സ്കൂളുകളിൽ 403963 ഉം വിദ്യാർത്ഥികൾ പഠനം നടത്തിയതായും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

2017- 19 കാലയളവിൽ പത്താം ക്ലാസിൽ 1332153 വിദ്യാർത്ഥികളും ഹയർ സെക്കന്ററിയിൽ 1377869 വിദ്യാർത്ഥികളും പരീക്ഷ എഴുതിയതായും സർക്കാർ കോടതിയിൽ അറിയിച്ചു.

ഇത്തവണത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം ജില്ലയായിരുന്നു മുന്നിൽ. പതിനെട്ട് ലക്ഷം വിദ്യാർഥികളാണ് സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ഇത് 16 ലക്ഷമായിരുന്നു. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷകൾ ഇത്തവണ മാർച്ച് 29നാണ് അവസാനിച്ചത്.

കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതെയാണ് ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷകൾ അവസാനിപ്പിച്ചത്. ചോദ്യപേപ്പർ ചോർച്ചകളും വിവാദങ്ങളും ഒഴിഞ്ഞുനിന്നു. കഴിഞ്ഞ വർഷം പത്താം ക്ലാസ് കണക്ക് ചോദ്യപേപ്പറും പ്ലസ് ടൂവിലെ ഇക്കണോമിക്സ് ചോദ്യപേപ്പറും ചോർന്നിരുന്നു. പിന്നീട് വീണ്ടും പരീക്ഷ നടത്തിയാണ് ബോർഡ് വിവാദങ്ങൾ അവസാനിപ്പിച്ചത്.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേയ് രണ്ടിനായിരുന്നു പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയവരിൽ 83.4 ശതമാനം വിദ്യാർഥികൾ വിജയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം സോണിലായിരുന്നു. 98.2 ആണ് തിരുവന്തപുരത്തിന്റെ വിജയ ശതമാനം. ഡല്‍ഹി സോണില്‍ 91.87 ശതമാനം വിദ്യാർഥികള്‍ വിജയം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.