scorecardresearch
Latest News

യുക്രൈനില്‍നിന്ന് വരുന്നവര്‍ക്കും ബന്ധുക്കൾക്കും കൗണ്‍സിലിങ് സൗകര്യം; വിളിക്കാം ദിശയില്‍

യുക്രൈനില്‍നിന്നു വരുന്നവര്‍ക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ക്രമീകരണം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

Russia - Ukraine Crisis, Counselling for Ukraine-returnees, Disha

തിരുവനന്തപുരം: റഷ്യൻ ആക്രണം എട്ടാം ദിവസവും രൂക്ഷമായി തുടരവെ യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളും വിവരങ്ങളൊന്നുമറിയാതെ നാട്ടിലുള്ള കുടുംബങ്ങളും കടുത്ത സമ്മർദത്തിലാണ് കഴിയുന്നത്. രക്ഷാക്ഷാദൗത്യത്തിന്റെ ഭാഗമായി തിരിച്ചെത്തുന്ന വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക സംഘർഷം ലഘൂകരിക്കാൻ കൗണ്‍സിലിങ് സൗകര്യമൊരുക്കുകയാണ് സംസ്ഥാന സർക്കാർ.

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ഒരുക്കിയ കൗണ്‍സിലിങ് സേവനം ഏറെ പേർക്ക് ഗുണം ചെയ്തിരുന്നു. ഇതേ മാതൃകയിലാണ് യുക്രൈനിൽനിന്നു തിരിച്ചെത്തുന്ന വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കും കൗണ്‍സിലിങ് സൗകര്യമൊരുക്കുന്നത്. ആവശ്യമായവര്‍ക്ക് ദിശ 104, 1056 നമ്പരുകളില്‍ ബന്ധപ്പെടാം.

ഇതോടൊപ്പം, തിരിച്ചെത്തുന്നവർക്കുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സംവിധാനമൊരുക്കും.വിദഗ്ധ സേവനം ലഭ്യമാക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Also Read: ഗ്രൂപ്പുകളായി തുടരുക, അവശ്യ വസ്തുക്കൾ മാത്രം കൊണ്ടുപോകുക: യുക്രൈനിലെ യുദ്ധ മേഖലകളിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. യുക്രൈനില്‍നിന്നു മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. കോവിഡ് ഐസിയുവിലും നോണ്‍ കോവിഡ് ഐസിയുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റിവയ്ക്കും.

ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്സിനെ നിയോഗിക്കും. ആംബുലന്‍സ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധിക്കും.

മടങ്ങിവരുന്നവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുടര്‍ ചികിത്സ ആവശ്യമായവര്‍ക്കും നേരിട്ടെത്തുന്നവര്‍ക്കും മെഡിക്കല്‍ കോളേജുകള്‍ വഴി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Government provide psychological counselling support for ukraine students and families