മാവേലിക്കര: പൊതുവിദ്യാലയത്തിന്റെ നിലവാരം ഉയർത്തി വിദ്യാർത്ഥികളെ ആകർഷിക്കുന്നതിൽ വിജയിച്ച സംസ്ഥാന സർക്കാർ മറ്റൊരു മാറ്റത്തിന് ഒരുങ്ങുന്നു. അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കി മാറ്റാനുളള നീക്കം സംസ്ഥാന സർക്കാർ ആരംഭിച്ചതായി മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

അടുത്ത നാല് മാസത്തിനുളളിൽ സംസ്ഥാനത്തെ എല്ലാ എൽപി- യുപി സ്‌കൂളുകളിലും സ്‌മാർട് ക്ലാസ്റൂമുകൾ തയ്യാറാക്കുമെന്ന് മന്ത്രി മാവേലിക്കരയിൽ പറഞ്ഞു. ഇതിനായി തീവ്ര പരിശ്രമമാണ് സർക്കാർ നടത്തുന്നത്.  പൊതുവിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി മാവേലിക്കര ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളുള്ള കെട്ടിട നിര്‍മ്മാണത്തിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന റെക്കോഡ് സ്വന്തമാക്കാനാണ് കുതിപ്പ്. ഇതിനോടകം സംസ്ഥാനത്തെ സ്‌കൂളുകളിൽ 45000 ക്ലാസ് മുറികളാണ് ഹൈടെക് ആക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, ഹൈസ്‌കൂൾ ക്ലാസ് മുറികളിൽ മാത്രമാണ് ഹൈടെക് ക്ലാസ്റൂമുകൾ ഉളളത്.

ഇതിൽ സമൂലമായ മാറ്റം വരുത്തി എല്ലാ വിഭാഗം കുട്ടികൾക്കും ഹൈടെക് ക്ലാസ്‌മുറികൾ ഒരുക്കാനാണ് സർക്കാർ തീരുമാനം.  സംസ്ഥാനത്തെ വിദ്യാലയങ്ങളെ സാങ്കേതിക വിദ്യയുടെ കുതിപ്പിന് അനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. മാവേലിക്കരയിലെ 14 സ്‌കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് വേണ്ടി മാത്രമായി നിർമ്മിച്ച സൗഹൃദ മുറിയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook