scorecardresearch
Latest News

സർക്കാർ ഓഫീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കും; എല്ലാ ജീവനക്കാരും എത്തണം

സംസ്ഥാനത്തെ നിയന്ത്രണങ്ങളെല്ലാം ലഘൂകരിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ

സർക്കാർ ഓഫീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കും; എല്ലാ ജീവനക്കാരും എത്തണം

തിരുവനന്തപുരം: ഇന്നുമുതൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. സർക്കാർ ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണം. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും പൂർണ തോതിൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്.

എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണം. എന്നാൽ, ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്‌ൻമെന്റ് സോണുകളിലും ഇതിനു ഇളവുണ്ട്. യാത്രാസൗകര്യമില്ലാത്തതിനാൽ മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്‌തിരുന്നവർ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി സ്വന്തം ഓഫീസിൽ ജോലിയ്‌ക്കെത്തണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശനിയാഴ്‌ചകളിലെ അവധി തുടരും.

Read Also: Horoscope Today June 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഭിന്നശേഷിക്കാർ, ഗുരുതര രോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ, ഒരു വയസിനു താഴെയുള്ള കുട്ടികളുടെ അമ്മമാർ, ഏഴ് മാസം പൂർത്തിയായ ഗർഭിണികൾ എന്നിവരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം. ഇവർക്ക് നേരത്തെ ചെയ്‌തിരുന്നതുപോലെ വർക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാവുന്നതാണ്.

സർക്കാർ ഓഫീസുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് വായിക്കാം

GO Ms No 112 2020 dtd 07.06.2020 by The Indian Express on Scribd

അതേസമയം, സംസ്ഥാനത്തെ നിയന്ത്രണങ്ങളെല്ലാം ലഘൂകരിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ. തുടർച്ചയായി മൂന്ന് ദിവസവും സംസ്ഥാനത്ത് രോഗികളുടെ എണ്ണം നൂറ് കടന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. കേരളത്തിൽ ഇന്നലെമാത്രം 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1095 പേര്‍ ചികിത്സയിലാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Government office corona covid lock down restrictions