കൊച്ചി:  പഠനം പൂർത്തിയാക്കാൻ കഴിയാതെ വരുകയും പരീക്ഷയിൽ പരാജയപ്പെടുകയും ചെയ്യുന്ന പട്ടികജാതി – വർഗ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സംസ്ഥാ സർക്കാരൊരുങ്ങുന്നു. നിലവിൽ സർക്കാരിലെ ഒരു വകുപ്പിലും ഇത് സംബന്ധിച്ച യാതൊരുവിധ കണക്കുകളുമില്ല. കോഴ്സിന് ചേരുന്ന കുട്ടികളുടെ കണക്കല്ലാതെ കൊഴിഞ്ഞുപോകുന്നവരെ കുറിച്ചോ പരാജയപ്പെടുന്നവരെ കുറിച്ചോയുളള സ്ഥിതിവിവര കണക്കുകളൊന്നുമില്ലാത്ത അവസ്ഥയിലാണ് സാങ്കേതിക വിദ്യാഭ്യാസവകുപ്പും പട്ടികജാതി-വർഗ വകുപ്പുകുമെല്ലാം. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ടാണ് കുട്ടികൾ കൊഴിഞ്ഞുപോകുന്നതെന്നും പരാജയപ്പെടുന്നതെന്നും കണ്ടെത്തി അവരെ തിരികെ വിദ്യാഭ്യാസത്തിലേയ്ക്കു കൊണ്ടുവരുന്ന മെന്ററിങ്പദ്ധതിയാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി കൊഴിഞ്ഞുപോയ വിദ്യാർത്ഥികളുടെ കണക്കെടുക്കാനുളള​ ശ്രമം തുടങ്ങുകയാണ് സർക്കാർ.

സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് പ്രവേശനം ലഭിച്ച ശേഷം പല കാരണങ്ങള്‍ കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ, പരീക്ഷയില്‍ പരാജയപ്പെടുകയോ ചെയ്ത, കേരളത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ്  സര്‍ക്കാര്‍ ഇടപെടുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍, ഇതുവഴി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ അക്കാദമിക് പിന്തുണ നല്‍കാനുള്ള പദ്ധതി തയ്യാറാക്കുകയാണ്.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനാണ് (ഗിഫ്റ്റ്) വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല. പരിശീലനം ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പേരു വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. നാളെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നത് വിവിധ പഞ്ചായത്തുകള്‍ വഴിയായിരിക്കും.

നിലവില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിന്റെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ സര്‍ക്കാരിന്റെ പക്കലോ മറ്റെവിടെയോ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കു വിവരങ്ങളുമില്ലെന്നാണ് മനുഷ്യാവകാശ സംഘടനയായ റൈറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ പറയുന്നത്.

‘കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. നൂറില്‍ പത്തു വിദ്യാര്‍ത്ഥികള്‍ത്ത് പോലും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് ഇതിനു കാരണം. പ്ലസ്ടു കഴിഞ്ഞ് കോളേജിലെത്തുന്ന കുട്ടികളുടെ അക്കാദമിക് പ്രൊഫൈല്‍ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. പലപ്പോഴും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നിന്നും വരുന്ന കുട്ടികൾക്കൊപ്പമാണ് ഈ കുട്ടികള്‍ പഠിക്കേണ്ടി വരുന്നത്.’ അജയകുമാര്‍ പറഞ്ഞു.

മറ്റൊരു പ്രധാന പ്രശ്‌നം പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണെന്ന് അജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. പഠിക്കാനാവശ്യമായ പുസ്തകങ്ങളും ലാപ്‌ടോപ്പുമെല്ലാം പലപ്പോഴും ഈ കുട്ടികള്‍ക്ക് കിട്ടുന്നത് നാലാമത്തെ സെമസ്റ്റര്‍ ഒക്കെ ആകുമ്പോഴാണ്. ഇവരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയുള്ളവരല്ല. അതിനാല്‍ ഇതൊന്നും പണം കൊടുത്ത് വാങ്ങാനും സാധിക്കില്ല. ആദ്യ സെമസ്റ്റര്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും രണ്ടാമത്തെ സെമസ്റ്റര്‍ മുതല്‍ പഠിച്ചെടുക്കാന്‍ സാധാരണയായി ബുദ്ധിമുട്ടുണ്ടാകാറില്ല . എന്നാല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത അവസ്ഥയില്‍ ആദ്യ നാല് സെമസ്റ്ററുകളിലും പരാജയം നേരിടേണ്ടി വരുന്നു. അതോടെ പഠനമെന്ന സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് കുട്ടികള്‍.

‘ഇനിയൊന്ന് വിവേചനമാണ്. നമ്മള്‍ കരുതുന്നതു പോലെ അത്ര പ്രത്യക്ഷത്തില്‍ ഇത് കാണാന്‍ സാധിക്കില്ല. എന്നാല്‍ ക്ലാസ് മുറികളില്‍ പോലും വളരെ മോശം രീതിയില്‍ വിവേചനം നടക്കുന്ന എന്നതാണ് സത്യം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ഇക്വിറ്റബിള്‍ അല്ല. അദ്ധ്യാപകര്‍ വരും പഠിപ്പിക്കും പോകും. അതിനപ്പുറം ഓരോ കുട്ടിക്കും എന്താണ് വേണ്ടതെന്നും അവരുടെ കഴിവെന്താണെന്നോ ഒന്നും തിരിച്ചറിയാന്‍ അവര്‍ മെനക്കെടില്ല. അതിന്റെ ആവശ്യമുണ്ടന്ന ബോധം പോലുമില്ല. കുട്ടികളുടെ സ്‌റ്റൈപ്പെന്‍ഡും സ്‌കോളര്‍ഷിപ്പുകളും തടഞ്ഞു വെക്കുന്നതാണ് മറ്റൊരു ക്രൂരത. അത് ആവശ്യത്തിന് പണമില്ലാത്തതുകൊണ്ടൊന്നുമല്ല. എല്ലാം ശരിയായി വന്നാല്‍ പോലും രണ്ടു ദിവസം അതിവിടെ ഇരിക്കട്ടെ എന്നു വിചാരിക്കുന്നവരുണ്ട്.’

ഇത്ര ഗുരുതരമായൊരവസ്ഥ തുടരുമ്പോഴും ഇപ്പോളും ഇത് സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ഇല്ല എന്നതാണ് അവസ്ഥ. ഈയൊരു സാഹചര്യത്തിലാണ് പട്ടികജാതി വികസന വകുപ്പ് കണക്കുകള്‍ ശേഖരിക്കാന്‍ തയ്യാറെടുക്കുന്നത്.

“സമുന്നതി” എന്ന പേരിലാണ് പട്ടികജാതി-വർഗ വകുപ്പ് പ്രത്യേക കോച്ചിങ്/മെന്ററിങ് പദ്ധതി നടപ്പാക്കുന്നത്. ഓൺലൈൻ വഴിയാണ് ഇതിന്റെ റജിസ്ട്രേഷൻ നടപടിക്രമങ്ങൾ. നാളെ ആരംഭിക്കുന്ന റജിസ്ട്രേഷൻ ഓഗസ്റ്റ് പത്ത് വരെ നടത്താം. ഈ​ പദ്ധതിയിൽ ചേരാൻ താൽപര്യമുളള​വർ www.gift.res.in/samunnathi എന്ന സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യാം.
കൂടുതൽ​വിവരങ്ങൾക്ക്: 9447269504,9447754626, GIFT Office- 0471-2596960

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ