കൊച്ചി: ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. സസ്പെന്ഷന് റദ്ദാക്കി ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന ഉത്തരവ് ഇന്നാണ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് തിരിച്ചടിയായ വിധിയാണ് ട്രിബ്യൂണല്‍ നടത്തിയിരിക്കുന്നത്. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് ഉത്തരവിട്ടത്. എത്രയും പെട്ടെന്ന് തിരിച്ചെടുക്കണമെന്ന് ഉത്തരവിലുണ്ട്. ട്രിബ്യൂണൽ എറണാകുളം ബഞ്ചാണ് ഉത്തരവിട്ടത്. കേരള കാഡറിലുള്ള ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 2017 ഡിസംബര്‍ മുതലാണ് ജേക്കബ് തോമസ് സസ്പെന്‍ഷനിലായത്.
Read Also: ജേക്കബ് തോമസിനെ സര്‍വീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഉത്തരവ്
കാരണം പറയാതെ സർവീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് ട്രിബ്യൂണലിനെ സമീപിച്ചത്. തുടർച്ചയായുള്ള സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. യോഗ്യതയ്ക്ക് തുല്യമായ പദവി നൽകണമെന്ന് ട്രിബ്യൂണൽ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ആറ് മാസത്തിനു ശേഷം വീണ്ടും സസ്പെന്ഷന് ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തെ തുടര്‍ന്നായിരുന്നു മൂന്നാം തവണ സസ്പെന്‍ഷനിലായത്.
നീതിന്യായ വ്യവസ്ഥ സുദൃഢമാണെന്ന് ഉത്തരവിന് ശേഷം ജേക്കബ് തോമസ് പ്രതികരിച്ചു. സർക്കാർ വകുപ്പിലുള്ളവർ അഴിമതി തുറന്നു പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്വയം വിരമിക്കലിനും ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇനി രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. ഡൽഹിയിൽ പോയി ചില ബിജെപി നേതാക്കളെ ജേക്കബ് തോമസ് കണ്ടിരുന്നു. അതുകൂടാതെ ആർഎസ്എസ് പരിപാടിയിലും ജേക്കബ് തോമസ് പങ്കെടുത്തിട്ടുണ്ട്. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കൽ അപേക്ഷ നൽകിയതെന്നാണ് സൂചന.