scorecardresearch

ദുരിതബാധിതര്‍ക്ക് ഒപ്പം സര്‍ക്കാരുണ്ട്, കൈവിടില്ല: മുഖ്യമന്ത്രി

ഉരുള്‍പൊട്ടലില്‍ പരുക്കേറ്റവരുടെ ചികിത്സാ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു

ഉരുള്‍പൊട്ടലില്‍ പരുക്കേറ്റവരുടെ ചികിത്സാ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു

author-image
WebDesk
New Update
pinarayi vijayan, vd satheeshan

ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയില്‍ നാശനഷ്ടം സംഭവിച്ചവരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. "ജീവനു പകരമായി മറ്റൊന്നില്ല. ഒന്നും യഥാര്‍ത്ഥ നഷ്ടപരിഹാരമാവുന്നില്ല. ഇക്കാര്യം സര്‍ക്കാരിനറിയാം. വിഷമാവസ്ഥയില്‍ പെട്ടവരെ കൈവിടില്ലെന്ന് അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നുകൊണ്ടുതന്നെ ആവര്‍ത്തിച്ചറിയിക്കുകയാണ് ഈ ഘട്ടത്തില്‍ നമുക്ക് കരണീയമായിട്ടുള്ളത്," അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

Advertisment

ഏകോപിതമായ പ്രവര്‍ത്തനമാണ് മഴ ദുരന്ത നിവാരണ കാര്യത്തില്‍ നിലവില്‍ നടന്നുവരുന്നത്. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ്, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവ നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ ഓരോ ടീമിനെ വീതം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ, നാല് ടീമിനെക്കൂടി ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ 11 എന്‍.ഡി.ആര്‍.എഫ് ടീമുകള്‍ വിവിധ ജില്ലകളിലായി ഉണ്ട്. ഇന്ത്യന്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ എന്നിവയും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എയര്‍ഫോഴ്സിന്‍റെ രണ്ട് ഹെലികോപ്ടറുകള്‍ കൊച്ചിയില്‍ സജ്ജമായി നില്‍പ്പുണ്ട്. ഇതിനു പുറമെ, നേവിയുടെ ഹെലികോപ്ടറും സജ്ജമാണ്. കുട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ ഹെലികോപ്ടര്‍ വഴി ഭക്ഷണപ്പൊതികള്‍ എത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങിക്കിടന്നവരെ പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ 304 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 3851 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ, ബന്ധുവീടുകളിലും മാറി താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. ക്യാമ്പുകളില്‍ മതിയായ ശുദ്ധജലം, ഭക്ഷണം, വൃത്തിയുള്ള ശൗചാലയം എന്നിവ ഒരുക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 217 വീടുകള്‍ക്ക് പൂര്‍ണ്ണമായ നാശനഷ്ടവും 1393 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരന്തരം വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ യഥാസമയം സ്വീകരിച്ചുവരികയും ചെയ്യുന്നതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Advertisment

പ്രകൃതി ദുരന്തം ഉണ്ടായപ്പോള്‍ മുന്നറിയിപ്പിലെ പോരായ്മകള്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷത്തിനായി തൃപ്പൂണിത്തുറ എംഎല്‍എ കെ.ബാബുവാണ് സംസാരിച്ചത്. മുന്നറിയിപ്പില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് സഭ രണ്ട് ദിവസത്തേക്ക് പിരിഞ്ഞു.

അതേസമയം, മഴക്കെടുതിയില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധനസഹായം നല്‍കുന്നത് വൈകിപ്പിക്കില്ല. പരമാവധി നെല്ല് കൊയ്ത് സംഭരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പി.പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ പരുക്കേറ്റവരുടെ ചികിത്സാ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. 50 ശതമാനത്തില്‍ താഴെ പരുക്കേറ്റവര്‍ക്ക് നല്‍കുന്ന തുക തികയില്ല. 50,000 രൂപ മാത്രമാണ് ലഭിക്കുന്നത്. പരുക്കേറ്റവരെ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഡീന്‍ കൂര്യാക്കോസ് പറഞ്ഞു.

Also Read: ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയത്ത് അതീവ ജാഗ്രത

Kerala Floods Landslide Pinarayi Vijayan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: