തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രക്ഷോഭത്തിൽ എല്ലാ അതിരുകളും പിന്നിട്ടിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്കാദമിക്ക് മുന്നിൽ ഒരു മരണവും രണ്ടു ആത്മഹത്യാ ശ്രമവുമാണ് ഇന്നുന്നുണ്ടായത്. സമര വേദിക്കു അരികിലൂടെ നടന്നു പോയ മണക്കാട് സ്വദേശി അബ്ദുൽ ജബ്ബാറാണ് പോലീസ് നടപടിക്ക് മുന്നിൽ പകച്ചു കുഴഞ്ഞുവീണു മരിച്ചത്. ഈ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിനു ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി വേണം അന്വേഷണം. ധാർമിക ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിയാൻ കഴിയില്ല. അബ്ദുള്‍ ജബ്ബാറിന്റെ മരണം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
സമരം തീർക്കാൻ തയാറാകാത്ത മാനേജ്മെന്റും സർക്കാരും വിദ്യാർത്ഥികളുടെ ജീവിതം പന്താടുകയാണ്. ഇന്ന് ഒരു കെ.എസ്.യു.പ്രവർത്തകൻ ആത്മഹത്യ ചെയ്യാനായി മണ്ണെണ്ണ ദേഹത്ത് ഒഴിക്കുന്ന ദൃശ്യം എന്നെ നടുക്കി. മറ്റൊരു വിദ്യാർത്ഥി പ്രിൻസിപ്പാളിന്റെ രാജി ആവശ്യപ്പെട്ടു താഴേയ്ക്ക് ചാടാൻ മരത്തിൽ കയറിയിരുന്നിട്ടു, ഒടുവിൽ താഴെയിറക്കാൻ ഫയർ ഫോഴ്സ് എത്തേണ്ടിവന്നു. കലാപത്തിന്റെ ഭൂമിയായി ഈ കലാശാലയെ മാറ്റിയതിലൂടെ തികഞ്ഞ പരാജയമാണെന്ന് വിദ്യാഭ്യാസമന്ത്രി ഓരോ മണിക്കൂറിലും തെളിയിച്ചുകൊണ്ടേയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.