/indian-express-malayalam/media/media_files/uploads/2018/09/nun-5.jpg)
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള പീഡനക്കേസ് അട്ടിമറിക്കാന്‍ സ്ഥാപിത താത്പര്യങ്ങൾക്ക് സര്‍ക്കാരും പൊലീസും കൂട്ടുനിൽക്കുകയാണെന്ന സംശയം ശക്തമാണെന്ന് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ഫോറം ആരോപിച്ചു. കന്യാസ്ത്രീകള്‍ കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരം സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരുന്നു നടത്തിയത്.
ഫ്രാങ്കോ കേസില്‍ ബിഷപ്പിനെതിരായി മൊഴികൊടുത്ത രണ്ട് സുപ്രധാന സാക്ഷികള്‍ ഇതിനകം കൂറുമാറിയിട്ടുണ്ട്. ബിഷപ്പിനെതിരേ മൊഴികൊടുത്ത ഫൊട്ടോഗ്രാഫര്‍ കഴിഞ്ഞ ദിവസം കൂറുമാറിയതായാണ് പുതിയ വിവരം.
ഇടവക വികാരി ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠം സന്ദര്‍ശിച്ച് ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നതും വികാരിയോടൊപ്പമുണ്ടായിരുന്നത് കൊലക്കേസ് പ്രതിയായ സജിയെ കൂടെക്കൂട്ടിയത് ക്വട്ടേഷന്‍ ഉറപ്പിക്കാനും കേസ് അട്ടിമറിക്കാനും സാക്ഷികളെയും ഇരയെ തന്നെയും അപായപ്പെടുത്താനുള്ള നീക്കങ്ങളുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു, സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ജനറല്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന് വട്ടോളിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.
എണാകുളം റേഞ്ച് ഐജിയുടെ നിര്‍ദേശപ്രകാരം ഐജി ഓഫീസിലെത്തിച്ച സിഡി, പെന്‍ഡ്രൈവ്, ഫോട്ടോ എന്നിവ അടങ്ങിയ കവര്‍ പിസി ജോര്‍ജ് പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയെന്ന് വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഇത് എങ്ങനെ പി സി ജോര്‍ജിന്റെ കൈയിലെത്തിയതെന്നതും ദുരൂഹമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ബിഷപ്പുമായി ഒത്തുകളിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരി ക്കുന്നു.
കത്തോലിക്കാ സഭയിലെ ചില ബിഷപ്പുമാര്‍ നിരന്തരം ഇടയലേഖനങ്ങള്‍ ഇറക്കി ബിഷപ്പ് ഫ്രാങ്കോയെ അുകൂലിക്കുന്നത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ്. സമ്മര്‍ദ തന്ത്രത്തിലൂടെ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ആക്ഷൻ കൗണ്‍സില്‍ ആരോപിച്ചു. ബിഷപ്പിന്റെ പീഡനവുമായി ബന്ധപ്പെട്ട അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് വിടുന്നുവെന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവുകയുള്ളവെന്നും ഇത്തരം ഏതു നീക്കങ്ങളെയും ജനകീയമായിത്തന്നെ നേരിടുമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ഫോറം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.