തിരുവന്തപുരം: സംസ്ഥാനത്ത് ദേവസ്വം ബോർഡിന് കീഴിലുളള 1249 ക്ഷേത്രങ്ങളില്‍ വരുമാനമുള്ളത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങള്‍ മാത്രമാണെന്നും സർക്കാരിന്റെ ധനസഹായത്തോടെയാണ് ഈ ക്ഷേത്രങ്ങളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കിയ കോടിക്കണക്കിന് രൂപയ്ക്ക് പുറമെയാണ് ഈ എഴുപത് കോടി രൂപയുടെ ധനസഹായം എന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ഇനത്തിൽ വേണ്ടി വരുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേണ്ടി വന്നത് 678 കോടി രൂപയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞുയ.

2017-18ൽ ശബരിമലയിൽ നിന്നുള്ള 342 കോടി രൂപയുൾപ്പെടെ ക്ഷേത്രങ്ങളിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് ആകെ 683 കോടി രൂപയാണ്. കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അടക്കമുള്ള തുകയാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണെന്നും മന്ത്രി കണക്കുകൾ ഉദ്ധരിച്ച് വിശദീകരിച്ചു. .

2017-18 ല്‍ ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, ശബരിമലയിലെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുവെന്ന വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി ഈ വരവ് ചെലവ് കണക്കുകള്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോർഡിന്റെ കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണെന്നും, അതിലും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ ഇതായിരിക്കേ, തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടു ത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതമായ ശ്രമം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ