തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് മാനദണ്ഡമനുസരിച്ച് അടിയന്തര ധനസഹായമായി 10,000 രൂപ നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുരന്ത നിവാരണ ചട്ടങ്ങളും മാനദണ്ഡങ്ങളും പ്രകാരം സഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളെ ചട്ടപ്രകാരം പ്രളയ ബാധിത മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കും, വാസയോഗ്യമല്ലാത്ത രീതിയില്‍ നശിച്ച വീടുകള്‍ക്കും പുതിയ വീടിനായി നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് ധനസഹായം. ആറ് ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനായാണ് അനുവദിക്കുക. മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടക്കം ദുരിത ബാധിത മേഖലയില്‍ ഉള്ളവര്‍ക്ക് 15 കിലോ അരി സൗജന്യമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ധനസഹായം ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; ആറ് ലക്ഷം രൂപ ധനസഹായം

ദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി കേന്ദ്രസർക്കാറിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള മെമ്മോറാണ്ടം തയ്യാറാക്കുന്നതിന്‌ ചീഫ് സെക്രട്ടറി ടോം ജോസ്‌, അഡീഷണൽ ചീഫ് സെക്രട്ടറി മാരായ മനോജ് ജോഷി, ഡി.കെ സിംഗ്, പ്രിൻസിപൽ സെക്രട്ടറി ഡോക്ടർ വി.വേണു എന്നിവരടങ്ങിയ  ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി.

ഈ ഘട്ടത്തിൽ ലഭിക്കുന്ന നിയമവിധേയമായ ഏത് സഹായവും സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ പ്രളയത്തിൽ പുനർനിർമാണത്തിന് 31,000 കോടി രൂപവേണ്ടിവരുമെന്നാണ്‌  യുഎൻ എജൻസി കണക്കാക്കിയിരുന്നത്‌. ഇപ്പോ അത് വലിയ തോതിൽ വർധിച്ചു. കഴിഞ്ഞവർഷത്തെ ദുരിതത്തിൽ നിന്ന് കയറി കൊണ്ടിരിക്കുന്നു  നികത്തി വരുന്നതേയുള്ളൂ.

എല്ലാ കെടുതികളെയും അതിജീവിക്കുന്ന സമൂഹമാണ് നമ്മുടേത് എന്ന് നാം കാണിച്ചിട്ടുണ്ട് അത് ആവർത്തിച്ചു ഉറപ്പാക്കേണ്ടതുണ്ട്. ആദ്യം ഐക്യത്തോടെയുള്ള മാതൃകാപരമായ ഇടപെടൽ ആണ്‌ ഉണ്ടായത്‌. ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാനും ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാനും ഭക്ഷണം വസ്‌ത്രം എന്നിവ നൽകാനും ഒരേ മനസോടെയുള്ള പ്രവർത്തനങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.