കൊച്ചി: ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. ജയരാജന്റെ ശാരീരിക അവസ്ഥയും, രാഷ്ട്രീയ പ്രതിയോഗികളില്‍ നിന്നുള്‍പ്പെടെ ഭീഷണിയും പരിഗണിച്ചാണ് സുരക്ഷ കൂടിയ കാര്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. എന്നാല്‍ 35 ലക്ഷത്തിനല്ല, പരമാവധി 35 ലക്ഷത്തിന്റെ വാഹനത്തിനാണ് അനുമതി ലഭിച്ചതെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
”പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളായാണ് ഖാദി ബോര്‍ഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീര്‍ഘയാത്രകള്‍ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വൈസ് ചെയര്‍മാന്‍ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയില്‍ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വരുന്ന ആ കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്. പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്ക് സിപിഎമ്മിനെതിരെയുള്ള എന്തും വാര്‍ത്തയാണെന്നും ഇപ്പോള്‍ മാധ്യമകുന്തമുന ഒരിക്കല്‍ക്കൂടി എനിക്കു നേരെ തിരിഞ്ഞിരിക്കുന്നുവെന്നും ജയരാജന്‍ കുറിക്കുന്നു. സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്‌നങ്ങളില്‍ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തില്‍ കണ്ടിട്ടുള്ളവെന്നും പി ജയരാജന്‍ വ്യക്തമാക്കി.