കൊച്ചി: വനിതാ മതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ആശയ പ്രചരണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, വനിതാ മതിലിനോട് സഹകരിക്കാത്തവരെ എസ്എന്‍ഡിപി യോഗത്തില്‍ നിന്നും പുറത്താക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. സംഘടനയുടെ ഒപ്പം നില്‍ക്കാത്തവരുടെ സ്ഥാനം പുറത്താണെന്നും അത് തുഷാറായാലും നടപടി ഉറപ്പാണെന്നും വെള്ളപ്പാള്ളി പറഞ്ഞു. വനിതാമതിലിന്റെ ചര്‍ച്ചകള്‍ക്കായി ആലപ്പുഴയില്‍ ചേര്‍ന്ന എസ് എന്‍ ഡി പി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് വ്യക്തമാക്കിയത്.

വനിതാ മതിലിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ നവോത്ഥാനത്തിന് എതിരാണെന്നും ഏകമനസോടെയാകും വനിതാ മതില്‍ വിജയമാക്കാന്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസിനെതിരേയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസ് മാറി നിന്നത് ശരിയായില്ലെന്നും മാറി നില്‍ക്കുന്നവരെ ചരിത്രം പമ്പര വിഡ്ഢികളെന്ന് വിളിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

അതേസമയം, മതിലിനെതിരെ ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെ അയ്യപ്പജ്യേതി തെളിയിക്കുമെന്ന് അയ്യപ്പ കര്‍മ്മ സമിതി അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനവും നവോത്ഥാനവും കൂട്ടിക്കുഴച്ച് ഹിന്ദു സമൂഹത്തില്‍ വിള്ളലുണ്ടാക്കുകയാണെന്നും കര്‍മ്മ സമിതി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ