തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങളുടെ വിലയക്കയറ്റത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. വിലയക്കറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷം ആരോപിച്ചു. എഫ്സിഐയിൽ കെട്ടിക്കിടക്കുന്ന അരിവിതരണം ചെയ്യാൻ പോലും സർക്കാരിനു കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ട ഭക്ഷ്യമന്ത്രി പി.തിലോത്തമൻ രാജി വയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വരൾച്ച മുൻകൂട്ടി കണ്ടുകൊണ്ട് മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടി പോലും കേരളം കൈകൊണ്ടില്ല. ഭക്ഷ്യമന്ത്രി നിരന്തരം പ്രസ്താവന നടത്തുന്നതല്ലാതെ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

കേന്ദ്രത്തിൽനിന്നുള്ള അരിവിഹിതം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിലെ വരൾച്ചയുമാണ് വില കൂടാൻ കാരണമെന്ന് ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു. കേന്ദ്രത്തിൽനിന്നുള്ള അരിവിഹിതം കൂട്ടാൻ എല്ലാ പാർട്ടികളും സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. എന്നാൽ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ