കൊച്ചി : പുതുവൈപ്പിലെ ജനവാസകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ എല്‍പിജി സംഭരണ കേന്ദ്രത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്. ജൂലൈ നാലാം തീയ്യതി വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കും എന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ പോലീസിനെ പിന്‍വലിക്കാനുള്ള സമരക്കാരുടെ ആവശ്യവുത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ജൂണ്‍ 22നു പുതുവൈപ്പിനില്‍ എത്തിച്ചേരുന്ന നിയമസഭയുടെ പരിസ്ഥിതി കമറ്റി പുതുവൈപ്പിനില്‍ എല്‍പിജി സംഭരണകേന്ദ്രം നിര്‍മിക്കുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പഠനം നടത്തും.

ഇന്നലെ സമരത്തിനുനേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. “പോലീസിന്‍റെ മൃഗീയമായ നരനായാട്ടാണ് പുതുവൈപ്പില്‍ നടന്നത്. കാക്കിയിട്ട സർക്കാർ ഗുണ്ടകൾ സ്ത്രീകളെയും കുട്ടികളെയും അടക്കം അറുപതോളം സമരക്കാരെ മൃഗീയമായി മർദിക്കുകയായിരുന്നു. പതിമൂന്നു വയസിനു താഴെയുള്ള ഒമ്പത് കുട്ടികളെയാണ് പരുക്കേറ്റതിനെ തുടര്‍ന്ന്‍ ഇന്നലെ ആശുപത്രിയിലാക്കിയത്‌. ഒന്നുരണ്ടുപേര്‍ക്ക് എല്ലിനു ക്ഷതമേറ്റതിനാല്‍ വിദഗ്ദ്ധ ചികിത്സ അനിവാര്യമാണ്” സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

സമരത്തില്‍ വനിതാ പഞ്ചായത്ത് അംഗങ്ങൾക്കും പരുക്ക് പറ്റിയിട്ടുണ്ട്. ” പുതുവൈപ്പിനില്‍ നടന്നത് സര്‍ക്കാരിന്‍റെ നയമല്ല. പൊലീസിന്‍റെ കാടത്തമാണ്” എന്നായിരുന്നു സ്ഥലം എംഎല്‍എ എസ് ശര്‍മയുടെ പ്രതികരണം. ഇന്നലെ വിവിധ കേസുകളിലായി അറസ്റ്റുചെയ്ത 321പേര്‍ക്കും ഇന്ന് ജാമ്യം നല്‍കിയിട്ടുമുണ്ട്.
“ഇന്നു വൈകീട്ട് നടക്കുന്ന പൊതുപരിപാടിയില്‍ അറസ്റ്റ് വരിച്ചവര്‍ക്ക് സ്വീകരണം ഒരുക്കുന്നുണ്ട്” എന്ന്‍ സമരസമിതിക്കുവേണ്ടി സേവ്യര്‍ അറിയിച്ചു.

“ഇത്രയും ജനസാന്ദ്രതയേറിയ പുതുവൈപ്പുപോലോരിടത്ത് ഇങ്ങനൊരു എല്‍പിജി സംഭരണകേന്ദ്രം വേണോ എന്നുള്ളതാണ് ഞങ്ങള്‍ ആവര്‍ത്തിക്കുന്നത്. നിയമസഭയുടെ പരിസ്ഥിതി കമറ്റി ഇതിനെക്കുറിച്ച് അന്വേഷണം നടത്തുവാനായി 22ആം തീയ്യതി ഇവിടെ എത്തിച്ചേരുന്നുണ്ട്. അതുവരെ സമരം തുടരാനാണ് തീരുമാനം” സമരസമിതി ഭാരവാഹി സേവ്യര്‍ പറഞ്ഞു.

അതേസമയം, “പുതുവൈപ്പില്‍ തമ്പടിച്ചിട്ടുള്ളതായ പൊലീസ് സംഘത്തെ പിന്‍വലിക്കണം എന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. മന്ത്രി മേഴ്സികുട്ടിയമ്മ ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും പോലീസുകാര്‍ ഇവിടെ തുടരുക തന്നെയാണ്. പൊലീസിനെ പിന്‍വലിക്കാത്ത പക്ഷം പ്രതിഷേധം പുനരാരഭിക്കും” സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.