കേരളത്തിലെ എന്‍ജിനിയറിങ് പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനിയറിങ് കോളേജുകളാണ് മികച്ച റാങ്ക് നേടിയവര്‍ തിരഞ്ഞെടുത്തിട്ടുളളത്. വിദ്യാർത്ഥികൾക്ക് സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളോടുളള താൽപര്യം നന്നേ കുറഞ്ഞിരിക്കുന്നുവെന്നാണ് ആദ്യഘട്ട ലിസ്റ്റ് വ്യക്തമാക്കുന്നത്.
ഇത് കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കേരളത്തിൽ ഇപ്പോൾ അടച്ചു പൂട്ടിക്കഴിഞ്ഞ സ്വാശ്രയ എൻജിനിയറിങ് കോളേജുകളുടെ എണ്ണം ഏതാണ്ട് പത്തോളം വരും. ഇതിന്റെ എണ്ണം വർധിക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
ഈ വര്‍ഷം ആകെ 90,233 കുട്ടികളാണ് പ്രവേശന പരീക്ഷയെഴുതിയത്. ഇതില്‍ 46,686 കുട്ടികളാണ് എന്‍ജിനിയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയത്. ആൺ കുട്ടികളാണ് പരീക്ഷയെഴുതിവരുടെ എണ്ണത്തിൽ കൂടുതൽ. ഇതിൽ പ്രവേശന പരീക്ഷ ക്വാളിഫൈ ചെയ്‌തത് പെൺകുട്ടികളുടെ എണ്ണമായിരുന്നു കൂടുതൽ. എന്നാൽ റാങ്ക് ലിസ്റ്റ് വന്നപ്പോൾ വീണ്ടും ആൺകുട്ടികളായി കൂടുതൽ പേർ. (ചിത്രം ഒന്നിൽ പ്രവേശന പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കാണാം)

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിൽ പ്രവേശനത്തിന് ജനറൽ മെറിറ്റിൽ യോഗ്യത നേടിയ കുട്ടികളുടെ അവസാന റാങ്ക് നില കാണാം (ചിത്രം രണ്ട്). വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഏറ്റവും പോപ്പുലര്‍ ആയ അഞ്ച് ബ്രാഞ്ചുകളുടെ വിവരങ്ങളാണ് ഇതിൽ ഉള്ളത്. മറ്റ് ബ്രാഞ്ചുകളിലെ റാങ്ക് നില എന്‍ട്രന്‍സ് കമ്മീഷണറുടെ സൈറ്റില്‍ ലഭ്യമാണ്.

ഇത് സംബന്ധിച്ച കണക്കുകൾ പരിശോധിച്ചാൽ (ചിത്രം രണ്ട്) മിടുക്കരായവരുടെ ഒന്നാമത്തെ ചോയ്‌സ് ഇത്തവണയും തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് ആണ് എന്ന് വ്യക്തമാകുന്നു.തൊട്ടു പിറകെ മറ്റ് സര്‍ക്കാര്‍ കോളേജുകളും ഉണ്ട്. ഏകദേശം 50,00 റാങ്ക് വരെ നേടിയിട്ടുള്ളവര്‍ക്ക് വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശം സാധ്യമാക്കും.
പ്രധാനപ്പെട്ട സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളിൽ മെറിറ്റിൽ പ്രവേശന യോഗ്യത നേടിയവരുടെ അവസാന റാങ്ക് നിലയിൽ (ചിത്രം മൂന്നിൽ) എറണാകുളം ഐഎച്ച്ആർഡി കോളേജും കെഎസ്ആർടിസി കോളേജുമാണ് മുന്നിൽ.

സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ മുന്‍പന്തിയിലുള്ളത് ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള എറണാകുളം മോഡല്‍ എൻജിനീയറിങ് കോളേജ്, കെഎസ്ആർടിസിയുടെ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ എൻജിനിയറിങ് കോളേജ് എന്നിവയാണ്. ഐഎച്ച്ആര്‍ഡിയുടെ മറ്റ് കോളേജുകളും കേപ്പ്, എൽബിഎസ് എന്നിവയും തൊട്ടുപിറകിലുണ്ട്. പല സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളിലും സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്ല. അതിനാല്‍ ഈ ബ്രാഞ്ചുകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വകാര്യ സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ടി വരുന്നു.
സർക്കാർ കോളേജുകൾക്ക് ഒപ്പം നിൽക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ കോളേജ് പോലും ലിസ്റ്റിലില്ല. സ്വകാര്യ സ്വാശ്രയ മേഖലയിൽ നിന്ന് തിരഞ്ഞെടുത്ത ചില പ്രധാന കോളേജുകളുടെ ഈ ഘട്ടത്തിലെ അവസാന റാങ്ക് നില (മെറിറ്റ് ) (ചിത്രം നാലിൽ) കാണാം. മറ്റു കോളേജുകളിലെ നില എൻട്രൻസ് കമ്മീഷണർ വെബ് സൈറ്റിൽ ലഭ്യമാണ്.
കുട്ടികളുടെ ഇഷ്‌ട ബ്രാഞ്ചുകളില്‍ ആദ്യ സ്ഥാനം കംപ്യൂട്ടര്‍ സയന്‍സാണ് മികച്ച റാങ്കുകാരില്‍ ഭൂരിപക്ഷവും തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ബ്രാഞ്ചാണെന്ന് ചിത്രങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ഉദാഹരണത്തിന് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സില്‍ ഈ ഘട്ടത്തിൽ ജനറൽ മെറിറ്റിൽ പ്രവേശനം വേണമെങ്കിൽ 103 ൽ താഴെ റാങ്ക് വേണം. (ആകെ സീറ്റ് അറുപതാണ്) സർക്കാർ മേഖലയിലെ കുറഞ്ഞ ഫീസും മികച്ച അധ്യാപകരും ഗുണകരമായ പ്ലേസ്മെന്റും ആണ് കുട്ടികളെ ഇവിടേയ്‌ക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
സ്വാശ്രയ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രിത എറണാകുളം മോഡല്‍ എന്‍ജിനിയറിങ് കോളേജിലും ഇത് കാണാം. മികച്ച പ്ലേസ്മെന്റ് നടക്കുന്നതിനാൽ സർക്കാർ കോളേജിനേക്കാൾ ഉയർന്ന ഫീസ് നൽകേണ്ടി വന്നാലും ഇവിടെ ചേരാൻ കുട്ടികൾ തയ്യാറാണ്. സ്വകാര്യ സ്വാശ്രയ മേഖലയേക്കാൾ മികവാണ് ഇതിന് കാരണമായി കുട്ടികൾ ചൂണ്ടിക്കാണിക്കുന്നത്.
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയ്‌ക്കാണ് കംപ്യൂട്ടര്‍ സയന്‍സ് കഴിഞ്ഞാല്‍ കുട്ടികൾക്ക് താൽപര്യം. സംസ്ഥാനത്തെ മികച്ച കോളേജായ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ എല്ലാ ബ്രാഞ്ചുകളിലും ചേരാന്‍ കുട്ടികളുടെ തിരക്കുണ്ട്.
സിവില്‍, മെക്കാനിക്കല്‍ എൻജിനീയറിങ് എന്നിവയ്‌ക്ക് സര്‍ക്കാര്‍ നിയന്ത്രിത സ്വശ്രയ കോളേജുകളില്‍ സീറ്റ് കുറവാണ്. അതിനാല്‍ ഈ ബ്രാഞ്ചുകള്‍ പഠിക്കേണ്ടവര്‍ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. സ്വകാര്യ കോളേജുകൾ ഇത് മുതലെടുക്കുന്നുമുണ്ട്. എന്‍ട്രന്‍സ് കമ്മീഷ്‌ണർ വെബ്സൈറ്റിലെ ലിസ്റ്റ് മൊത്തത്തില്‍ പരിശോധിച്ചാല്‍ പൊതുവില്‍ മിടുക്കരായവർ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ തിരഞ്ഞെടുക്കാറില്ല എന്ന് വ്യക്തമാണ്. പലയിടത്തും കുട്ടികള്‍ ഇല്ല എന്ന് തന്നെ പറയാം.

മൂന്ന് ഘട്ടങ്ങളിലായാണ് പ്രവേശനം പൂര്‍ത്തിയാകുന്നത്. പല സ്വകാര്യ കോളേജുകളിലെയും പ്രവേശനത്തിന് ഒന്നാം ഘട്ടത്തിൽ തന്നെ ആളില്ലെന്ന അവസ്ഥയാണ്. സ്വകാര്യ കോളേജുകൾ ശമ്പളത്തിനും മറ്റ് ചെലവുകൾക്കും ഫീസിൽ നിന്നുള്ള വരുമാനത്തെ മാത്രമാണ് ആശ്രയിക്കുന്നത്. ഇപ്പോള്‍തന്നെ ലിസ്റ്റ് തീര്‍ന്നു കഴിഞ്ഞതിനാൽ ഇവയിൽ പലതിന്റെയും നിലനിൽപ് തന്നെ ഭീഷണിയിലാണ്. അപൂർവമായി സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ ചില ബ്രാഞ്ചുകളിലും കുട്ടികള്‍ കുറവാണ്. സർക്കാർ ഗ്രാന്റ് നൽകുന്നതിനാൽ ഇവ തൽക്കാലം പിടിച്ച് നിന്നേക്കും.
ഫീസ് അടച്ച് അഡ്മിഷന്‍ ഉറപ്പിക്കാനുള്ള അവസാന തീയതി ജൂലൈ അഞ്ച് ആണ്. നിലവിൽ അലോട്ട്‌മെന്റ് കിട്ടിയിട്ടുള്ള പലരും മറ്റ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ റാങ്ക് നിലവാരം അടുത്തഘട്ടത്തില്‍ കുറേക്കൂടി താഴാനാണ് സാധ്യത. ഡിഗ്രി കോഴ്സുകൾക്ക് ഉള്ള കേന്ദ്രീകൃത പ്രവേശനം ഈ വർഷം നേരത്തെ നടന്നു കഴിഞ്ഞതിനാൽ, എൻജിനിയറിങ് റാങ്ക് ലിസ്റ്റിലെ താഴ്ന്ന റാങ്കുകാർ പലരും ചേരാൻ സാധ്യതയില്ല. ഇതും സ്വകാര്യ മേഖലക്ക് തിരിച്ചടിയാണ്.
അടുത്ത രണ്ട് ഘട്ടങ്ങളിൽ ഉയര്‍ന്ന റാങ്കുള്ളവര്‍ക്ക് സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലേയ്‌ക്ക് മാറാന്‍ കഴിഞ്ഞേക്കും. ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. മൂന്നാം ഘട്ടത്തിന് ശേഷം സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിന്ന് സർക്കാർ കോളജുകളിലേയ്‌ക്ക് മാറാൻ കഴിയില്ല. ഈ നിബന്ധന കുട്ടികളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഡിമാന്റ് കുറഞ്ഞ കോളേജുകളിൽ ചേരുന്നവരെ.
ലിസ്റ്റില്‍ കൂടുതല്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യ സ്വാശ്രയ കോളേജുകളെ സംബന്ധിച്ചിടത്തോളം പ്രവേശനത്തിന്റെ അടുത്ത രണ്ട് ഘട്ടങ്ങൾ നിർണായകമാണ്. സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം എത്രത്തോളം രൂക്ഷമാകും എന്നത് അടുത്ത രണ്ട് ഘട്ടങ്ങളിലെ പ്രവേശനത്തെ ആശ്രയിച്ചിരിക്കും.
എൻജിനീയറിങ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാന്‍ കുറഞ്ഞത് 120 ല്‍ 10 മാര്‍ക്കെങ്കിലും വേണം. ഇങ്ങനെ യോഗ്യത നേടിയിട്ടുള്ള 46,000 ത്തില്‍പ്പരം കുട്ടികള്‍ മാത്രമേ ലിസ്റ്റിലുള്ളൂ. ഇപ്പോള്‍ കുട്ടികൾ കുറവുള്ള പല കോളേജുകളിലും ആരുംതന്നെ പഠിക്കാന്‍ ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാവുക. എൻട്രൻസ് പരീക്ഷ എടുത്തുകളയണമെന്നും, പ്ളസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം വേണമെന്നും സ്വകാര്യ മാനേജ്മെന്റുകൾ ആവശ്യപ്പെടാൻ കാരണമിതാണ്.
Read More: എൻജിനീയറിങ് ഓപ്ഷൻ ഏതു കോളേജിൽ? കൊടുക്കേണ്ടതെങ്ങനെ? ബ്രാഞ്ച് ഏത്?
പ്രവേശന നടപടികൾക്കിടെ പെരിനാട് കാർമൽ എൻജിനിയറിങ് കോളേജിനെ അലോട്ട്മെന്റിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഇത്തവണത്തെ അലോട്ട്മെന്റ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ട് സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളജുകൾ പൂട്ടിയിരുന്നു. അതിന് പിന്നാലെയാണ് പെരിനാട് കോളജിനെ കുറിച്ചുളള വാർത്ത.
ഭൂരിപക്ഷം സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾക്കും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മുന്നിലുള്ളതിനാൽ, നിലവില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ജോലിചെയ്യുന്നവര്‍ക്കും എന്തു സംഭവിക്കും എന്ന അനിശ്ചിതത്വം തുടരുകയാണ്. കുട്ടികളുടെയും അധ്യാപകരുടെയും ഭാവി സംബന്ധിച്ച അനുയോജ്യമായ തീരുമാനങ്ങൾ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കെടിയുവിന്റെ ഭാഗത്ത് നിന്നും ഉടനെയുണ്ടാകണം. അല്ലാത്ത പക്ഷം ഇവിടങ്ങളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയേയുളളൂവെന്ന് അധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.
* ഇത് സംബന്ധിച്ച കൂടുതൽ കണക്കുകളും മറ്റും അപ്ഡേറ്റ് ചെയ്‌തിട്ടുളളത് ഔദ്യോഗിക സൈറ്റായ https://cee.kerala.gov.in/keam2018/help/lastrank/last_rank_p1.pdf ൽ ലഭ്യമാണ്.
Read More: വിദ്യാർത്ഥികളില്ല,1.36 ലക്ഷം സീറ്റുകൾ വേണ്ടെന്ന് എൻജിനിയറിങ് കോളേജുകൾ