തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പരിഷ്‌കരിക്കാനായി നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് ഉടൻ. ശമ്പള പരിഷ്കരണം ഈ സർക്കാർ തന്നെ നടപ്പിലാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് സൂചന നൽകുന്നത്.
“ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ഉടൻ സർക്കാരിനു കെെമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനം തന്നെ നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സർക്കാർ തന്നെ അതു നടപ്പിലാക്കും,” തോമസ് ഐസക് പറഞ്ഞു.
Read Also: സുരേഷ് ഗോപി മത്സരിക്കാനില്ല, താരപ്രചാരകനാകും; തൃശൂരിൽ തമ്പടിച്ച് ബിജെപി സംസ്ഥാന നേതാക്കൾ
മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. ഫെബ്രുവരിയിൽ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുമെന്നാണു സൂചന. സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 28,000 – 30,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സർവീസ് സംഘടനകൾ കമ്മിഷനു കത്തു നൽകിയിരുന്നു. നിലവിൽ 16,500 രൂപയാണു കുറഞ്ഞ ശമ്പളം.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത് ഗുണം ചെയ്യുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. അഞ്ച് വർഷത്തിനുള്ള പരിഷ്‌കരണം നടപ്പിലാക്കുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിട്ടുള്ളതിനാൽ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നടപടിയെന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകാനും സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.