തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന നടത്തുന്നതിനായി സർക്കാർ സമിതിയെ നിയമിച്ചു. റിട്ട. ജില്ലാ ജഡ്‌ജി എസ്.സതീഷ് ചന്ദ്രബാബു അധ്യക്ഷനായാണ് മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. മുൻ നികുതി സെക്രട്ടറി പി.മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) ഡയറക്ടർ ഡോ. ഡി.നാരായണയും അടങ്ങുന്നതാണ് സമിതി.

കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയെ നിയോഗിച്ചിട്ടുളളത്.

കേരളത്തിൽ ഏറെ വിവാദം സൃഷ്ടിക്കുകയും സർക്കാർ ജീവനക്കാരുടെ കടുത്ത എതിർപ്പിന് വിധേയമായതുമായിരുന്നു പങ്കാളിത്ത പെൻഷൻ പദ്ധതി. നിലവിലുണ്ടായിരുന്ന പെൻഷൻ പദ്ധതി ഉപേക്ഷിച്ച് ഉമ്മൻ ചാണ്ടി സർക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്.

തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്ന കാര്യം തങ്ങളുടെ നിലപാടായി എൽഡിഎഫ് വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും നിയമസഭയിലും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിശോധനാ സമിതി രൂപീകരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചു.

പുനപരിശോധന – പരിഗണന വിഷയങ്ങൾ
1.പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ വിശദമായി പരിശോധിച്ച് റിപ്പോര്ട്ട് തയ്യാറാക്കുക, നിർദ്ദേശങ്ങൾ സമർപ്പിക്കുക.
2. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നത് കേന്ദ്ര ധനകമ്മീഷൻ നിബന്ധനകളെയും ധനദൃഡീകരണത്തിനുള്ള പരിപ്രേക്ഷ്യത്തെയും എങ്ങനെ ബാധിക്കും?
3. NPS ട്രസ്റ്റ്, NSDL എന്നിവരുമായി ഏർപ്പെട്ടിട്ടുള്ള കരാറുകൾ സൃഷ്ടിക്കുന്ന ബാദ്ധ്യതകള്‍, ഉത്തരവാദിത്തങ്ങൾ എന്നിവ വിശദമായി പരിശോധിച്ച് സധ്യതകൾ നിർദ്ദേശിക്കുക.
4.പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ പങ്കാളികളായ ജീവനക്കാർക്ക് അത് പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചാൽ:
a. ജീവനക്കാര്‍ നാളിതുവരെ ഒടുക്കിയ വിഹിതം ഏതു വിധത്തിലാകും കൈകാര്യം ചെയ്യപ്പെടുക?
b. സർക്കാർ നാളതുവരെ ഒടുക്കിയ വിഹിതം തിരികെ ലഭ്യമാകുമോ?

5.പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചാല്‍ പദ്ധതിയിൽ ചേർന്ന് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യത്തിലെ നിയമവ്യവസ്ഥ എന്തായിരിക്കും? ഇവരും സർക്കാരും അടച്ച വിഹിതങ്ങളുടെ സ്ഥിതി എന്തായിരിക്കും?

6.പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളുടെ അനുഭവവും ഇപ്പോഴത്തെ സ്ഥിതിയും പരിശോധിക്കുക.

7. പങ്കാളിത്ത പെൻഷന്റെ കേരളത്തിലെ പ്രത്യേകതകൾ എന്തെല്ലാമാണ്? പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടാകുന്ന പക്ഷം ആയത് കൂടുതല്‍ ആകർഷകമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാം?

8. പങ്കാളിത്ത പെൻഷൻ​ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പ്രസക്തം എന്ന് കമ്മിറ്റി കരുതുന്ന മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച നിർദേശങ്ങൾ  സമർപ്പിക്കുക.

എന്നിങ്ങനെ എട്ട് കാര്യങ്ങളാണ് സമതി പരിശോധിക്കേണ്ടത്.

തിരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നുവെങ്കിലും  രണ്ട് വർഷമായിട്ടും പങ്കാളിത്ത പെൻഷൻ സംബന്ധിച്ച പുനഃപരിശോധന  തീരുമാനം സ്വീകരിക്കാതിരുന്നത് സർക്കാർ ജീവനക്കാരിൽ എതിർപ്പ് ഉയർത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.