കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് സുതാര്യത കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു നിയമപരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച് ബില്ലിനെതിരേ വിവിധ ക്രൈസ്തവ സഭകള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കെ.സി.ബി.സി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, യൂജിന്‍ എച്ച് പെരേര എന്നിവര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കുന്നതിനേതിരേ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ ബില്‍ തയാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചത്. 2006-2011 ലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുന്നിലും ഇത്തരമൊരു നിര്‍ദേശം അന്നത്തെ നിയപരിഷ്‌കരണ കമ്മീഷന്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ അന്നും സര്‍ക്കാര്‍ അത് തള്ളിക്കളയുകയായിരുന്നുവെന്നും മുഖ്യമന്ത്രി കേരള കാത്തലിക് ബിഷ്പസ് കൗണ്‍സില്‍ (കെസിബിസി) പ്രതിനിധികളോടു പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യന്‍ സമുദായത്തെ പിണക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലില്‍ നിന്നാണ് സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടു പോകുന്നതില്‍ നിന്നു പിന്തിരിഞ്ഞതെന്നാണ് സൂചന.

അതേസമയം ചര്‍ച്ച് ബില്ലിനെ ക്രൈസ്തവ സഭയില്‍ നിന്നു പിന്തുണച്ച ഏക ബിഷപ്പായ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇന്നും തന്റെ നിലപാട് ആവര്‍ത്തിച്ചു . ക്രൈസ്തവ സഭകള്‍ക്കു കൊമ്പുണ്ടോയെന്നും ആക്ട് നടപ്പാക്കുന്നതിനിരേ തിരിയുന്നവരുടെ സാമ്പത്തിക വിനിയോഗത്തില്‍ ക്രമക്കേടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ വിമര്‍ശിച്ചിരുന്നു.

‘ഏറ്റവും മുന്തിയ ആഡംബര വാഹനങ്ങളില്‍ യാത്ര, അത്യാഢംബര ‘അരമന ‘കളില്‍ വാസം,, ആഢംബര ജീവിത ശൈലി, കോഴപ്പണം വാങ്ങുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ്,: ഇതൊക്കെ നിത്യജീവിത ശൈലി ആക്കിയിരിക്കുന്ന സഭാ നേതാക്കള്‍ക്ക് ഇതിന്റെ എല്ലാം ബദല്‍ പാഠമായിരുന്ന യേശു ക്രിസ്തുവിന്റെ പേര് ഉച്ചരിക്കുവാന്‍ എങ്ങിനെ കഴിയുന്നു? ഇതൊക്കെ ആരുടെ പണം? ഈ ചോദ്യങ്ങള്‍ ഉയര്‍ത്താനും ഉത്തരം തേടാനും അവകാശം നല്‍കുന്ന ചര്‍ച്ച് ആക്റ്റ് നടപ്പിലാകണ്ടത് യേശുക്രിസ്തുവിന്റെ കൂടെ ആഗ്രഹമായിരിക്കും. ഐ സപ്പോര്‍ട്ട് ചര്‍ച്ച് ആക്ട്,’എന്നു ഫേസ് ബുക്കില്‍ പോസ്റ്റിട്ടാണ് മാര്‍ കൂറിലോസ് വീണ്ടും രംഗത്തെത്തിയത്.

കേരളത്തിലെ ക്രൈസ്തവ സഭകളിലെയും പള്ളികളിലെയും ഭരണത്തില്‍ സുതാര്യത കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ ബില്ലിന്റെ കരടു രൂപം കഴിഞ്ഞമാസമാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സഭാ സ്വത്തില്‍ തര്‍ക്കമുണ്ടായാല്‍ പരിഹാരത്തിന് ട്രൈബ്യുണലിനു വിടാന്‍ നിര്‍ദേശിക്കുന്ന ബില്‍സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പെതുജനങ്ങള്‍ക്ക് അവസരവും നല്‍കിയിരുന്നു. എന്നാല്‍ ക്രൈസ്തവ സഭകള്‍ ബില്ലിനെതിരേ പോര്‍മുഖം തുറന്നതോടെ സര്‍ക്കാര്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്നു തല്‍ക്കാലം പിന്തിരിയുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ