തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികളിൽ ഒന്നേകാൽ ലക്ഷം പേർ ജാതി, മതം കോളങ്ങൾ പൂരിപ്പിച്ചില്ലെന്നത് ശരിയായ കണക്കാണെന്ന വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെവി മോഹൻകുമാറാണ് ഇക്കാര്യത്തിൽ പിശക് സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ചത്.

സ്‌കൂളുകളിൽ പ്രവേശനം നടത്തുന്ന സമയത്ത് സമ്പൂർണ്ണ സോഫ്റ്റുവെയറിലേക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താറുണ്ട്. സ്കൂളിലെ പ്രധാന അദ്ധ്യാപകർ ചുമതലപ്പെടുത്തുന്ന ആരെങ്കിലുമാകും ഇത് ചെയ്യാറ്. ഈ സോഫ്റ്റുവെയറിൽ നിർബന്ധമായും പൂരിപ്പിക്കേണ്ടാത്ത ഭാഗമാണ് ജാതി, മതം എന്നീ കോളങ്ങൾ. ഇവ പൂരിപ്പിക്കാതെ വിടുന്നത് സ്കൂൾ അധികൃതരാണെന്നും കെവി മോഹൻകുമാർ പറഞ്ഞു.

ഈ സമ്പൂർണ്ണ സോഫ്റ്റുവെയറിലെ വിവരങ്ങൾ പ്രകാരം ജാതിയും മതവും രേഖപ്പെടുത്താത്ത ഒന്നേകാൽ ലക്ഷം വിദ്യാർത്ഥികളുണ്ട്. അത് വിദ്യാർത്ഥികൾക്ക് ജാതിയും മതവും ഇല്ലെന്നതിന്റെ അടിസ്ഥാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതാപിതാക്കൾ രേഖപ്പെടുത്തിയിട്ടും സ്കൂൾ അധികൃതർ രേഖപ്പെടുത്താത്തതോ, മാതാപിതാക്കൾ രേഖപ്പെടുത്താതെ വിട്ടുകളഞ്ഞതോ ആകാം ഇവ.

ഇക്കാര്യത്തിൽ സ്കൂൾ അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. എന്നാൽ ആർക്കെതിരെയും ഇക്കാര്യത്തിൽ നടപടിയെടുക്കാനാവില്ലെന്നും കെവി മോഹൻകുമാർ വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ