തിരുവനന്തപുരം: രാജ്യം കാത്ത് തിരിച്ചെത്തുന്ന സൈനികരുടെ ക്ഷേമത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് ആരംഭിക്കുന്നു. സൈനിക ക്ഷേമ വകുപ്പ് രൂപീകരിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്തെ വിമുക്ത ഭടൻമാരുടെ പ്രശ്നങ്ങൾ ഇനി സൈനിക ക്ഷേമ വകുപ്പാണ് കൈകാര്യം ചെയ്യുക.

സർക്കാർ അധികാരമേറ്റെടുത്ത ശേഷം സൈനിക ക്ഷേമത്തിനായി നിരവധി നടപടികൾ കൈകൊണ്ടിട്ടുണ്ട്. വിമുക്ത ഭടൻമാരുടെ വീടുകൾക്ക് നികുതി ഇളവ് നടപ്പാക്കി. 2000 ചതുരശ്ര അടി വരെ തറ വിസ്തീർണ്ണമുള്ള വീടുകൾക്കാണ് നികുതി ഇളവ്. വിമുക്തഭടന്മാരുടെ ഭാര്യയുടേയും വിധവകളുടേയും പേരിലുള്ള വീടുകൾക്കും നികുതി ഇളവുണ്ട്. 2000 ചതുരശ്ര അടിക്ക് ശേഷം വരുന്ന തറ വിസ്തീർണത്തിന് മാത്രമേ നികുതി ഈടാക്കൂ.

മരണമടയുന്ന വിമുക്തഭടന്റെ അവകാശിക്ക് നൽകുന്ന മരണാനന്തര സഹായം 5000 രൂപയിൽ നിന്നും 10,000 രൂപയായി വർധിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധ സേനാനികൾക്കും വിധവകൾക്കും ഉള്ള സാമ്പത്തിക സഹായം 6000 രൂപയാക്കി വർധിപ്പിച്ചു.
ധീരതാ പുരസ്കാര ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് വർധിപ്പിച്ചു, ക്യാഷ് അവാർഡിന് മുൻകാല പ്രാബല്യം നൽകി.

ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം 1 ലക്ഷത്തിൽ നിന്നും 2 ലക്ഷമായി വർധിപ്പിച്ചു. കൊല്ലപ്പെടുന്ന സൈനികർ, അസുഖം മൂലം സേവനം തുടരാൻ കഴിയാത്തവർക്കുമാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. വീരമൃത്യു വരിക്കുന്നവരുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധിയിൽ നിന്നും നൽകുന്ന സഹായം 15000 രൂപയിൽ നിന്നും 50,000 രൂപയാക്കി വർധിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.