കൊച്ചി: സംസ്ഥാന മന്ത്രിസഭയ്ക്കകത്ത് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിന് കാരണമായ മൂന്നാറിലെ ഭൂമി സർക്കാരിന്റേതെന്ന് ഹൈക്കോടതി. മൂന്നാർ പൊലീസ് സ്റ്റേഷനോട് ചേർന്ന 22 സെന്റ് ഭൂമിയാണ് ലൗ ഡെയ്ൽ റിസോർട്ട് ഉടമ കൈയ്യേറിയത്.

ഹൈക്കോടതി നിലപാടിൽ വളരെയധികം സന്തോഷമുണ്ടെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “മൂന്നാറിലേത് സർക്കാർ ഭൂമിയാണ്. കൈയ്യേറ്റം ഒഴിപ്പിക്കണമെന്നത് സർക്കാർ നിലപാടായിരുന്നു. സർക്കാരിന്റെ ഭാഗമാണ് റവന്യു വകുപ്പ്. ഭൂമിയില്ലാത്തവരുടെ ചെറുകിട കൈയ്യേറ്റങ്ങൾ അനുവദിക്കുന്നതിന്റെ മറവിൽ വൻകിട കൈയ്യേറ്റങ്ങളോട് മൗനം പാലിക്കില്ല. ശക്തമായ നടപടിയുമായി മുന്നോട്ട് പോകും”, മന്ത്രി പറഞ്ഞു.

ഭൂമി തന്റേതാണെന്ന് കാണിച്ച് റിസോർട്ട് ഉടമ വിവി ജോർജ്ജാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി തള്ളിയ കോടതി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നും ഉത്തരവിട്ടു. ഇതോടെ ദേവികുളം സബ് കളക്ടർ ഭൂമി ഏറ്റെടുക്കാൻ നടത്തിയ ശ്രമം നിയമപരമായിരുന്നുവെന്ന് വ്യക്തമായി.

റവന്യു മന്ത്രി ദേവികുളം സബ് കളക്ടറെ അനുകൂലിച്ച് നിലപാട് എടുത്തിരുന്നുവെങ്കിലും മുഖ്യമന്ത്രി വിപരീതമായ നിലപാടാണ് സ്വീകരിച്ചത്. പ്രാദേശിക സിപിഎം നേതൃത്വം സബ് കളക്ടർക്കെതിരെ പരാതി ഉയർത്തിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമർശനം.

ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥർ സ്വീകരിച്ച നിലപാടിനെ ചൊല്ലി തർക്കം മുറുകിയതോടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷയിൽ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലും റവന്യു വകുപ്പ് സെക്രട്ടറി പി.എച്ച്.കുര്യൻ, ഇടുക്കി ജില്ല കളക്ടർ, ദേവികുളം സബ് കളക്ടർ എന്നിവർക്ക് നേരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു.

സ്വന്തമായി ഭൂമിയില്ലാത്തവരുടെ ചെറുകിട കൈയ്യേറ്റങ്ങളിൽ പട്ടയം അനുവദിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ ധാരണയായിരുന്നു. സംസ്ഥാനത്ത് എല്ലായിടത്തും കൈയ്യേറ്റമെന്ന് തോന്നിക്കാവുന്ന, സ്ഥിരമായി താമസിച്ച് പോരുന്ന ഭൂമിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “മറ്റ് ഭൂമിയില്ലാത്തവരാണെങ്കിൽ ഇവർക്ക് നിലവിൽ താമസിക്കുന്ന സ്ഥലത്തിന് പട്ടയം അനുവദിക്കണം. അതേസമയം വൻകിടക്കാരുടെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ല” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേവികുളം താലൂക്കിൽ അനധികൃത കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്വീകരിച്ചത്. മൂന്നാർ പൊലീസ് സ്റ്റേഷനോട് ചേർന്ന് 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം തലപൊക്കിയത്. എന്നാൽ സബ് കളക്ടറുടെ നടപടിയെ അനുകൂലിച്ച റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിന്നു.

റവന്യു മന്ത്രി മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുള്ളത് കൊണ്ടാണ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ഇത് വിവാദമാക്കേണ്ടതില്ലെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്. യോഗത്തെ പരിഹസിച്ചുകൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിച്ചത്. “കോടതിയിൽ കൈയ്യേറ്റം സംബന്ധിച്ച കേസ് പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ യോഗത്തിന് പ്രാധാന്യം ഇല്ല. നിയമപ്രകാരം മൂന്നാറിൽ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്”കാനം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ