scorecardresearch

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ് കലാമണ്ഡലം ചാന്‍സലര്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

കലയെയും സാഹിത്യത്തെയും സാമൂഹിക പരിവര്‍ത്തനത്തിനു പ്രയോജനപ്പെടുത്തണമെന്ന വലിയ കാഴ്ചപ്പാടുള്ള കലാകാരിയാണു മല്ലികാ സാരാഭായിയെന്നു മന്ത്രി വി എൻ വാസവൻ പറഞ്ഞു

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ് കലാമണ്ഡലം ചാന്‍സലര്‍; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

കലാ, സാംസ്‌കാരിക മേഖലയിലുള്ള, വിഷയത്തില്‍ പ്രഗത്ഭരാവണം കലാമണ്ഡലം ചാന്‍സലറെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണു മല്ലികാ സാരാഭായിയുടെ നിയമനം.

മല്ലികാ സാരാഭായിയുമായി നടത്തിയ ആശയം വിനിമയത്തില്‍ അവര്‍ താല്‍പ്പര്യമറിയിച്ചതിനെത്തുടര്‍ന്നാണു നിയമനമെന്നു സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കലയെയും സാഹിത്യത്തെയും സാമൂഹിക പരിവര്‍ത്തനത്തിനു പ്രയോജനപ്പെടുത്തണമെന്ന വലിയ കാഴ്ചപ്പാടുള്ള കലാകാരിയാണു മല്ലികാ സാരാഭായിയെന്നും മന്ത്രി പറഞ്ഞു.

പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹയായ മല്ലികാ സാരാഭായി കുച്ചുപ്പുടി, ഭരതനാട്യം എന്നിവയിലൂടെ ലോകപ്രശസ്തയാണ്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മലയാളിയായ പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും മകളാണു മല്ലിക.

നാടകം, സിനിമ എന്നീ മേഖലകളിലും തിളക്കമാര്‍ന്ന സാന്നിധ്യം അറിയിച്ച മല്ലിക ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായിക, എഴുത്തുകാരി, പ്രസാധക, എന്നീ നിലകളിലും പ്രശസ്തയാണ്.

1953ല്‍ ഗുജറാത്തില്‍ ജനിച്ച മല്ലിക ഐ ഐ എം അഹമ്മദാബാദില്‍നിന്ന് എം ബി എയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. മല്ലികയുടെ അമ്മ മൃണാളിനി സാരാഭായ് പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടംഗമാണ്.

2006 മുതല്‍ ഗവര്‍ണറാണു കലാമണ്ഡലം ചാന്‍സലര്‍ പദവി വഹിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാരുമായുള്ള ഉടക്കിന്റെ സാഹചര്യത്തില്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ പദവിയില്‍നിന്നു പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ നീക്കുകയായിരുന്നു. കലാമണ്ഡലത്തിന്റെ സ്പോണ്‍സറിങ് ഏജന്‍സിയെന്ന നിലയിലായിരുന്നു സര്‍ക്കാര്‍ നടപടി. കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തില്‍ സ്പോണ്‍സറിങ് ഏജന്‍സിക്ക് തീരുമാനമെടുക്കാമെന്നാണു യു ജി സി വ്യവസ്ഥ.

സാംസ്‌കാരിക വകുപ്പിനു കീഴിലാണു കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനം. ആരിഫ് മുഹമ്മദ് ഖാനെ നീക്കിയ സാഹചര്യത്തില്‍, പ്രോ വി സിയായ സാംസ്‌കാരിക മന്ത്രിക്കായിരുന്നു പുതിയ ചാന്‍സലര്‍ നിയമിക്കപ്പെടും വരെ ചുമതല.

ചാന്‍സലര്‍ നിയമനത്തിനു 75 വയസാണു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തേക്കായിരിക്കും നിയമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Government appoints mallika sarabhai as kerala kalamandalam chancellor