തൊടുപുഴ: ഇല്ലാത്ത മാവോയിസ്റ്റ് ബന്ധത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരും ചില സിപിഎം നേതാക്കളും സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു പൊമ്പിളൈ ഒരുമൈ ഭാരവാഹികൾ. പൊമ്പിളൈ ഒരുമൈയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും ഭാരവാഹികള്‍ സംയുക്തമായി മൂന്നാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

ആംആദ്മി പാര്‍ട്ടിയും പൊമ്പിളൈ ഒരുമൈയും റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. സര്‍ക്കാരിനു കീഴിലുള്ള എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെയാണ് ആം ആദ്മി പാര്‍ട്ടിയും പൊമ്പിളൈ ഒരുമൈയും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ബന്ധമെന്ന ഇല്ലാത്ത ഉമ്മാക്കി കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സി ആര്‍ നീലകണ്ഠന്‍ കുറ്റപ്പെടുത്തി. പുതുവൈപ്പിനിലും മൂന്നാറിലും ജനകീയ സമരങ്ങളുണ്ടായപ്പോള്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരുപറഞ്ഞ് സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാരും പൊലീസും ശ്രമിച്ചത്. എന്നാല്‍ ഒരു മാവോയിസ്റ്റിനെപ്പോലും സമരവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടുമില്ല. സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരുപറഞ്ഞ് പൊമ്പിളൈ ഒരുമൈ എന്ന സംഘടനയെ തകര്‍ക്കാനാണ് മൂന്നാറിലെ സി പി എം നേതാക്കള്‍ ശ്രമിക്കുന്നതെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ പറഞ്ഞു.

ജൂലൈ ഒന്‍പതിന് പ്രഖ്യാപിച്ച ഭൂസമരം തല്‍ക്കാലം മാറ്റി വയ്ക്കുകയാണ്. പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതിനാല്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഭയപ്പാടിലാണിപ്പോള്‍. തൊഴിലാളികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനു ശേഷം സമരം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും പൊമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു.

ജൂണ്‍ 15-നാണ് മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ്   പൊമ്പിളൈ ഒരുമൈ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന, മൂന്നാര്‍ സ്വദേശിയുമായ മനോജ് ജയിംസിനെ പൊലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മനോജിനു ജാമ്യം ലഭിക്കുകയും ചെയ്തു. മൂന്നാറില്‍ നടത്താനിരിക്കുന്ന ഭൂസമരം പൊളിക്കാന്‍ സിപിഎമ്മും കണ്ണന്‍ ദേവന്‍ കമ്പനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ ഇല്ലാത്ത മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ്  ചെയ്തതെന്ന് പത്രസമ്മേളനത്തില്‍ പങ്കൈടുത്ത മനോജ് ജയിംസ് ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ