തിരുവനന്തപുരം: മഹാപ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ 330 കോടി രൂപ അനുവദിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കണം എന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.
വിവിധ മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാനാണ് ഈ തുക മാറ്റിവച്ചിരിക്കുന്നത്. ഇതിൽ 117.72 കോടി രൂപ ഭക്ഷണവും വസ്ത്രവും നല്‍കാനാണ് അനുവദിച്ചത്. 99.85 കോടി രൂപ മാറ്റിവച്ചത് തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനാണ്. കാര്‍ഷികവിളകളുടെ നഷ്ടപരിഹാരത്തിനായി 51.75 കോടി നീക്കിവച്ചപ്പോള്‍ കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി 18.08 കോടി രൂപയോളം മാട്ടിവച്ചിട്ടുണ്ട്.
മരുന്ന്, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്കും കാര്‍ഷികോപകരണങ്ങള്‍ വാങ്ങല്‍, വളര്‍ത്തുമൃഗസംരക്ഷണം, ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി മാറ്റിവച്ചിരിക്കുന്നത് 1.4 കോടിയോളം രൂപയാണ്.
ചെലവിടുന്ന തുകയുടെ കണക്കുകള്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കണം എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സംസ്ഥാന ദുരിതനിവാരണ മാനദണ്ഡം അനുസരിച്ചാണ് തുക അനുവദിച്ചത്.