തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തുവെന്നും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ മികച്ചതാണെന്നുമായിരുന്നു ഗവര്‍ണറുടെ പ്രശംസ. സ്‌കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മിതി അടിയന്തര പ്രധാന്യം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഐക്യത്തോടെയാകണം പുനര്‍നിര്‍മ്മാണം. അനാവശ്യ വിവാദം ഒഴിവാക്കണം. പുനര്‍നിര്‍മ്മാണത്തില്‍ സുതാര്യത ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.അക്രമ സമരങ്ങളും ഹര്‍ത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്ന ഈ വര്‍ഷം നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായുള്ള സംഭാവനകള്‍ തുടരണമെന്നും ഗാന്ധിയുടെ മൂല്യങ്ങളും ആശയങ്ങളും പിന്തുടര്‍ന്ന് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ പരുപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ അതത് ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുകയും സേനകളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമഫോസയാണ് ഇത്തവണ റിപ്പബ്ലിക്ക് ആഘോഷങ്ങളിലെ മുഖ്യാതിഥി. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം വിവിധ സേനകളുടെ സല്യൂട്ട് സ്വീകരിക്കും.

കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യയാകും മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങുന്നത്. ഇതിന് ശേഷമാകും രാജ്യം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലേക്ക് കടക്കുക. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കാലയളവിലെ അവസാന റിപ്പബ്ലിക്ക് ദിനമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.