തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി കൊടുക്കില്ലെന്ന് സര്‍ക്കാര്‍. ജില്ലാ-പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തൽക്കാലം അനുമതി നല്‍കേണ്ടതില്ലെന്നാണ് ഉത്തരവ്.

അത്തരം നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ തടസ്സപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവർക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ മാപ്പിങ് നടത്തി നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ശാസ്ത്രീയമായ പരിശോധന നടക്കുക.

പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി ആളുകള്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook