കുമ്പള: കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റി. കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബദരിയ നഗറിലെ നൗഷാദിനെ (28) വെട്ടേറ്റ് സാരമായ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്പള മാളിയങ്കര കോട്ടേക്കാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹവും പരിക്കേറ്റ നിലയിൽ നൗഷാദിനെയും കണ്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പട്രോളിംഗിന് പോയ കുമ്പള പൊലീസ് സംഘം ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന അബ്ദുല്‍ സലാമും, നൗഷാദും ഉള്‍പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്ക് ക്വട്ടേഷൻ ബന്ധങ്ങളുള്ളതിനാൽ ആക്രമണം ഭയന്നായിരുന്നു ഇത്.

കരുതൽ തടങ്കലിൽ വച്ച ഇവരെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിട്ടയച്ചു. ഇതിന് ശേഷമാണ് സലാമിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് കുമ്പള പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2014ല്‍ കുമ്പള പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ (25) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം. പേരാല്‍ റോഡിലെ തന്നെ സിദ്ദീഖിന്റെ വീട്ടില്‍ കയറി കൊല്ലപ്പെട്ട അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവര്‍ അക്രമം നടത്തിയതായി പൊലീസ് പറഞ്ഞു. ഇതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാത്രി ഇയാളെയും സംഘത്തെയും പിടികൂടിയത്.

സംഭവ സ്ഥലത്ത് രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ഉണ്ടായിരുന്നു. ബൈക്കുകൾ മറിഞ്ഞുകിടക്കുന്ന നിലയിലും ഓട്ടോ റിക്ഷ നിര്‍ത്തിയിട്ട നിലയിലുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ