കൊച്ചി: മദ്യം വാങ്ങി നൽകാതിരുന്നതിലെ രോഷത്തിന് രണ്ടിടത്തായി രണ്ടു പേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ സെൻട്രൽ പൊലീസ് പിടികൂടി. പച്ചാളത്ത് വാടകയ്ക്ക് താമസിക്കുന്ന ഫോർട്ട് കൊച്ചി കപ്പലണ്ടി മുക്ക് കല്ലിച്ചിറപ്പാടത്ത് ഷഫീക്ക് ആണ് പിടിയിലായത്.  “ഗപ്പി ഷഫീക്” എന്നാണ് ഇയാൾ അറിയപ്പെടുന്നത്.

guppy Shafeek, Goons, ഗപ്പി ഷഫീക്, കേരള ബിയർ പാർലർ, മദ്യപാനികൾ, ബിവറേജസ് കോർപ്പറേഷൻ, ഗുണ്ടാ ആക്രമണം, murder attempt, കൊലപാതക ശ്രമം

ഗപ്പി ഷഫീക്

മാർച്ചിലും ഏപ്രിലിലും ആണ് രണ്ട് സംഭവങ്ങളും നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതി ഒളിവിൽ പോയതായി പൊലീസ് വിശദീകരിച്ചു. ആദ്യ സംഭവം നടന്നത് ഇക്കഴിഞ്ഞ മാർച്ച് 20 നാണ്. എറണാകുളം ബേസിൻ റോഡിലുള്ള ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിന് മുന്നിലായിരുന്നു സംഭവം. രാത്രി എട്ടരയോടെ ഇവിടെ വരിയിൽ നിന്ന് മദ്യം വാങ്ങുകയായിരുന്ന  അരൂർ സ്വദേശി ഗിരീഷ്(40) നാണ് കുത്തേറ്റത്.

ഇയാളോട് ഗപ്പി ഷഫീക് മദ്യം വാങ്ങിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിസമ്മതിച്ചതിനായിരുന്നു ആക്രമണം. റോഡരികിൽ കിടന്ന ഒഴിഞ്ഞ മദ്യകുപ്പി ഉപയോഗിച്ച് ഗിരീഷിന്റെ തലയിൽ രണ്ടു തവണ കുത്തി. പിന്നീട് പ്രതി ഇവിടെ നിന്നും ഓടിപ്പോയി.

രണ്ടാമത്തെ സംഭവം നടന്നത് ഏപ്രിൽ 27 ന് വൈകിട്ട് മൂന്ന് മണിക്കാണ്. എറണാകുളം സീലോഡ് ഹോട്ടലിലെ ബിയർ ആന്റ് വൈൻ പാർലറിൽ മദ്യപിച്ച് ഇരിക്കുകയായിരുന്ന ചേർത്തല പൂച്ചാക്കാൽ സ്വദേശി നിധീഷിനാണ് കുത്തേറ്റത്.  പ്രതി നിധീഷിനോടും മദ്യം വാങ്ങി നൽകാൻ ആവശ്യപ്പെട്ടുന്നു വിസമ്മതിച്ചതിനെ തുടർന്ന് വാക്കേറ്റമുണ്ടായെന്നും പൊലീസ് പറഞ്ഞു. പിന്നീട് അരയിൽ സൂക്ഷിച്ചിരുന്ന കത്തി ഉയോഗിച്ച് നിധീഷിന്റെ വയറിൽ കുത്തുകയായിരുന്നു.

എന്നാൽ ഇയാളെ അപ്പോഴും പിടികൂടാൻ സാധിച്ചിരുന്നില്ല. നിധീഷിന്റെ മൊഴിയനുസരിച്ച് ബാറിലെ സിസിടിവി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് പ്രതിയെ പിടികൂടിയത്.

ചോദ്യം ചെയ്യലിൽ ബേസിൻ റോഡിലെ സംഭവവും താനാണ് ചെ്തതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് എറണാകുളം സെൻട്രൽ പൊലീസ് വ്യക്തമാക്കി. ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ