കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മദ്യലഹരിയിൽ എത്തിയ യുവാക്കളുടെ ആക്രമണത്തിൽ നിർമാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനുമാണ് പരുക്കേറ്റത്. സിനിമ നിർമാതാവായ മഹാ സുബൈർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ഇടശ്ശേരി മാൻഷൻ ഹോട്ടലിലെ ജീവനക്കാരനായ പ്രകാശ് എന്നിവർക്കാണ് പരുക്കേറ്റത്.

സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തമ്മനം സ്വദേശിയായ അനീഷ് എന്നയാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മാന്‍ഷന്‍ എന്ന ഹോട്ടലില്‍ വെച്ചാണ് ഗുണ്ടാ ആക്രമണം നടന്നത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുന്നത് കണ്ട് ചോദിക്കാനെത്തിയ മഹാ സുബൈറിനെ നോ പാർക്കിങ്ങ് ബോർഡ് വച്ചിരുന്ന കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു.

സുബൈറിന്റെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്ക് സാരമുള്ളതല്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജയറാം അടക്കമുളള സിനിമ പ്രവർത്തകർ ഇദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി.

അസിസ്റ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് രാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം കൊച്ചിയില്‍ നടിക്ക് നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ഇപ്പോൾ നിർമാവ് അടക്കമുളളവർക്ക് നേരെയും ആക്രമണം നടന്നത്. കൊച്ചിയിലെ ഗുണ്ടകളുടെ വിളയാട്ടത്തിന്റെ പുതിയ ഉദാഹരണമാണ് ഇന്നലെ രാത്രി നടന്ന സംഭവം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ