scorecardresearch
Latest News

തൃശൂരിനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ഏഴ് ട്രെയിനുകൾ റദ്ദാക്കി

ഇന്ന് നാലും നാളെ മൂന്നും ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്നും നാളയുമായി ഏഴ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

Goods train derails, Thrissur, Puthukkad

തൃശൂര്‍: തൃശൂരിനു സമീപം പുതുക്കാട്ട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. എന്‍ജിനും നാല് ബോഗികളുകളുമാണു പാളം തെറ്റിയത്. പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം തെക്കേ തുറവ് ഗേറ്റ് ഭാഗത്താണ് സംഭവം.

ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ട്രെയിന്‍ ഉച്ചയ്ക്ക് 2.15 ഓടെയാണു പാളം തെറ്റിയത്. തെക്കേ തുറവ് ഭാഗത്ത് പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഇതിനു സമീപമാണു ട്രെയിൻ പാളം തെറ്റിയത്.

അപകടകാരണം വ്യക്തമല്ല. സംഭവത്തെത്തുടർന്ന് തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗുഡ്‌സ് ട്രെയിൻ നീക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ നീക്കാൻ സമയമെടുക്കുമെന്നും അതുവരെ ഗതാഗതം തടസപ്പെടുമെന്നും റെയിൽവേ അറിയിച്ചു.

ഇന്ന് നാല് ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി. നാളെ മൂന്ന് ട്രെയിനുകൾ പൂർണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി.

ഷൊർണൂർ ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്, എറണാകുളം-ഷൊർണൂർ ജങ്ഷൻ മെമു എക്‌സ്‍പ്രസ്, എറണാകുളം-ഗുരുവായൂർ സ്പെഷൻ എക്‌സ്‌പ്രസ്, പാലക്കാട്-തിരുന്നൽവേലി പാലരുവി എക്‌‍സ്‌പ്രസ് എന്നീ ട്രെയിനുകളാണ് ഇന്ന് പൂർണമായി റദ്ദാക്കിയത്.

എറണാകുളം-പാലക്കാട് മെമു എക്‌സ്‍പ്രസ് ആലുവയിലും നിലമ്പൂര്‍-കോട്ടയം എക്‌‍സ്‌പ്രസ് ഷൊർണൂരിലും സർവിസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി എക്‌‍സ്‌പ്രസ് എറണാകുളം ജങ്ഷനിലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഷൊർണൂരിലും സർവിസ് അവസാനിപ്പിക്കും.

അപകടത്തെത്തുടർന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസ് ഒറ്റപ്പാലത്തും ബെംഗളുരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ഷൊര്‍ണൂരിനു സമീപം മാന്നാനൂരിലും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ട ജനശതാബ്ദി എക്‌സ്‌പ്രസ് ഷൊര്‍ണൂരിൽ പിടിച്ചിട്ടിരുന്നു.

വേണാട് എക്‌സ്‌പ്രസിലെ യാത്രക്കാർക്ക് യാത്ര പുനരാരംഭിക്കുന്ന കേരള എക്‌സ്‌പ്രസിൽ യാത്ര തുടരാൻ സൗകര്യമൊരുക്കി. തൃശൂർ മുതൽ തിരുവനന്തപുരം വരെ വേണാടിന്റെ എല്ലാ സ്റ്റോപ്പുകളിലും കേരള എക്‌സ്‌പ്രസ് നിർത്തും.

നാളെ തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട് എക്‌സ്‌പ്രസ്, ഷൊർണൂർ ജങ്ഷൻ -എറണാകുളം ജങ്ഷൻ മെമു എക്‌സ്‍പ്രസ്, കോട്ടയം- നിലമ്പൂര്‍ എക്‌‍സ്‌പ്രസ് ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്.

ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി ഗുരുവായൂരിനു പകരം എറണാകുളം ജങ്ഷനിൽനിന്നാണ് പുറപ്പെടുക. ഗുരുവായൂർ- പുനലൂർ എക്‌സ്‌പ്രസ് തൃപ്പൂണിത്തുറയിൽനിന്നാണ് സർവിസ് ആരംഭിക്കുക. തിരുനൽവേലി-പാലക്കാട് പാലരുവി എക്‌സ്‍പ്രസ് ഇന്നു രാത്രി 11.20നു തിരുന്നൽവേലിയിൽനിന്നു പുറപ്പെട്ട് കൊല്ലം ജങ്ഷനിൽ സർവിസ് അവസാനിപ്പിക്കും.

അതിനിടെ, ട്രെയിൻ ഗതാഗതത്തിൽ തടസമുണ്ടായ സാഹചര്യത്തിൽ കൂടുതൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവിസ് നടത്താൻ മന്ത്രി നിർദേശം നൽകി.

തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളത്തുനിന്ന് ആറും ആലപ്പുഴയിൽനിന്ന് ആറും ബസുകൾ അധികമായിസർവിസ് നടത്തും. എറണാകുളത്തുനിന്നു തിരുവനന്തപുരം, കോഴിക്കോട്ട് ഭാഗങ്ങളിലേക്കു കൂടുതൽ സർവിസും നടത്തും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Goods train derails near thrissur puthukkad