തിരുവനന്തപുരം: ബില്ലുകൾ രേഖകളാണ്. എന്നാൽ ഇന്ന് നമുക്ക് ലഭിക്കുന്ന പല ബില്ലുകളും രേഖകളായി അവശേഷിക്കാറില്ല. ദിവസങ്ങൾക്കുള്ളിൽ അതിലെ അക്കങ്ങളും അക്ഷരങ്ങളും മാഞ്ഞുപോകുന്നു. അത് വൈദ്യുതി ബിൽ മുതൽ ബസ് ടിക്കറ്റ് വരെ അങ്ങനെയാണ്.

എന്നാൽ ഇനി അത് നടക്കില്ല. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ ഗുണനിലവാരമുള്ള പേപ്പറിൽ ഗുണനിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്തവയാകണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. വിവരാവകാശ പ്രവർത്തകൻ അഡ്വ.ഡി.ബി.ബിനു നൽകിയ പരാതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഗുണനിലവാരമില്ലാത്ത പേപ്പറിൽ പ്രിന്റ് ചെയ്യുന്ന ബില്ലുകൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും, അതിനാൽ നല്ല പേപ്പറും മഷിയും ഉപയോഗിച്ച് പ്രിന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡി.ബി.ബിനു സർക്കാരിനെ സമീപിച്ചത്. ഇക്കാര്യം പരിശോധിച്ച സർക്കാർ ഗുണനിലവാരമുള്ള പേപ്പറിൽ വ്യക്തവും വായിക്കാൻ കഴിയുന്നതുമായ ബില്ലുകൾ നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.

ഉപഭോക്താവിന്റെ പ്രാഥമിക അവകാശം തന്നെയാണ് ഇത്തരത്തിലുള്ള ബില്ലുകൾ നൽകുന്നതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് പരാതിക്കാരൻ കൂടിയായ അഡ്വ.ഡി.ബി.ബിനു പറഞ്ഞു. സർവീസുകളും പരാതികളും ഉൾപ്പടെയുള്ള ഭാവികാര്യങ്ങൾക്ക് അടിസ്ഥാനമായി വേണ്ട രേഖയാണ് ബില്ലെന്നും, ഉപഭോക്താവിന്റെ അവകാശമാണതെന്നും ബിനു കൂട്ടിച്ചേർത്തു.

ഗുണനിലവാരം കുറഞ്ഞ മഷി/പേപ്പർ എന്നിവ ഉപയോഗിച്ച് ബില്ലുകൾ നൽകുന്നത് 1986ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ പരിധിയിൽ വരുന്നതാണെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.  ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത ബില്ലുകളാണ് ലഭിക്കുന്നതെങ്കിൽ ഉപഭോക്താവിന് പരാതിപ്പെടാവുന്നതാണ്. സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ അതാത് മേലധികാരികൾക്ക് പരാതി നൽകാം. അല്ലാത്ത പക്ഷം നേരിട്ട് കൺസ്യൂമർ ഫോറത്തെ സമീപിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.