പാലക്കാട്: സ്വർണത്തിന്റെ വില കുതിച്ചുയരുന്നതിനിടെ വീട്ടമ്മയുടെ മൂന്നു പവന്റെ മാല വിഴുങ്ങിയിരിക്കുകയാണ് ‘ഗോള്‍ഡന്‍ റിട്രീവര്‍’ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ. പാലക്കാട് ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി കൃഷ്ണദാസിന്റെ വീട്ടിലെ നായ ഡെയ്സിയാണ് മാല വിഴുങ്ങിയത്. മാല പുറത്തെടുക്കാൻ ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും അതു വേണ്ടിവന്നില്ല. മാല സ്വാഭാവികമായി പുറത്തെത്തിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
ഏതാനും ദിവസമാണ് കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ കഴുത്തിലെ സ്വർണ മാല കാണാതായത്. വീടും പരിസരവും തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. അപ്പോഴാണ് വളര്‍ത്തുനായ ഡെയ്സി ഒരു പെന്‍സില്‍ കടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മാല ഡെയ്സി വിഴുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടതോടെ എക്സ്റേ എടുത്തുനോക്കി. മാല ഡെയ്സിയുടെ വയറ്റിലുണ്ടെന്ന് വ്യക്തമായി.
ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോൾ മാല പുറത്തെടുക്കാൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. മാല അകത്തിരുന്നാൽ ഡെയ്സിയുടെ ജീവന് ഭീഷണിയാകുമോയെന്ന് കരുതി വീട്ടുകാരും ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചു. അതിനുള്ള തീയതിയും തീരുമാനിച്ചു. പിന്നീട് വീണ്ടും എക്സ്റേ എടുത്തു. മാല പുറത്തേക്കു വരാനുള്ള സാഹചര്യത്തിലാണെന്നു ഡോക്ടർ പറഞ്ഞു. മൂന്നാം ദിവസം മാല പുറത്തുവന്നു. ഡെയ്സി തന്നെയാണ് മാല വീട്ടുകാര്‍ക്ക് കാട്ടികൊടുത്തത്.