ലെ സാബ്‍ലെ ദെലോൻ (ഫ്രാൻസ്): ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. മത്സരത്തിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ഫിനിഷിങ് പോയിന്റായ ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ്.
ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് 2022 സെപ്റ്റംബറിലാണ് അഭിലാഷ് യാത്ര തുടങ്ങിയത്. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് ദൗത്യം പൂർത്തിയാക്കാൻ അഭിലാഷിന് വേണ്ടിവന്നത്. 48,000 കിലോമീറ്ററാണ് അഭിലാഷ് സഞ്ചരിച്ചത്.
2018ൽ അഭിലാഷ് യാത്ര തുടങ്ങിയെങ്കിലും അന്ന് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ട അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പലാണു രക്ഷപ്പെടുത്തിയത്.
ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറാണ് നേട്ടം കരസ്ഥമാക്കിയത്. 235 ദിവസങ്ങളെടുത്താണ് കിഴ്സ്റ്റൻ ഫിനിഷിങ് ചെയ്തത്. ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവരുന്ന മത്സരമാണ് ഗോൾഡൻ ഗ്ലോബ് റേസ്.