കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കള്ളക്കടത്ത് വിവാദ ഇടപാടുകളിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ച് ഹർജിയിൽ നാളെ വിധി പറയും.
ആലപ്പുഴ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ മൈക്കിൾ വർഗീസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ കടത്ത്, സ്പ്രിൻക്ലർ, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി ഇടപാടുകളിൽ അന്വേഷണം വേണമെന്നും ക്രിമിനൽ നടപടിച്ചട്ടം 154 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കസ്റ്റംസ്, സിബിഐ, എൻഫോഴ്സ്മെന്റ്, ഡിആർഐ, എൻഐഎ തുടങ്ങിയ ഏജൻസികൾ കേസെടുക്കുന്നത് പ്രത്യേക നിയമപ്രകാരമാണന്നും എന്നാൽ സംസ്ഥാനത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പൊലീസാണ് കേസെടുക്കേണ്ടതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
Read More: ഒളിവിൽ കഴിയവേ മകൻ വിളിച്ചു, പെടുത്താന് ശ്രമിക്കുന്നതായി പറഞ്ഞ് കരഞ്ഞു: സന്ദീപിന്റെ അമ്മ
സ്പ്രിൻക്ലർ ഇടപാടിൽ കേസ് എടുക്കണമെന്ന് കോടതിയിൽ മുൻപ് നൽകിയ ഹർജിയിൽ ആവശ്യമുന്നയിച്ചിട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഹർജിക്കാരനു വേണ്ടി അഭിഭാഷകൻ മാത്യുസ് ജെ.നെടുമ്പാറ ചൂണ്ടിക്കാട്ടി. കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നാണ് ഹർജിയിലെ മറ്റൊരാവശ്യം.
അതേസമയം, സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെയും നാലാം പ്രതി സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷ എൻഐഎ കോടതി ഉച്ചകഴിഞ്ഞ് പരിഗണിക്കും. പ്രതികളെ ഹാജരാക്കാൻ കോടതി എൻഐഎക്ക് നിർദേശം നൽകും. പത്ത് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും, കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.